ന്യൂഡല്‍ഹി: ഐഎൻ‌എക്‌സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെ‌ന്റ് ഡയറക്ടറേറ്റ് പി.ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും. തിഹാര്‍ ജയിലില്‍ വച്ചായിരിക്കും ചിദംബരത്തെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് ഡല്‍ഹിയിലെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

കോടതി ഉത്തരവ് പുറപ്പെടുവിച്ചശേഷം, റൂസ് അവന്യൂ കോടതി പരിസരത്ത് ലഭ്യമായ ഒരിടത്ത് ചിദംബരത്തെ ചോദ്യം ചെയ്യാൻ ഇഡി കോടതിയുടെ അനുമതി തേടി. പൊതുമധ്യത്തിൽവച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുന്നത് ഈ വ്യക്തിയുടെ അന്തസിനു ചേരുന്നതല്ലെന്നായിരുന്നു കോടതി നൽകിയ മറുപടി. ഇതനുസരിച്ചാണ് ചോദ്യം ചെയ്യൽ തിഹാർ ജയിലിൽ വച്ച് നടത്താൻ തീരുമാനമായത്.

Read Also: ജയിലിലേക്ക് വീട്ടില്‍ നിന്നുള്ള ഭക്ഷണം വേണം: പി.ചിദംബരം

ഐഎൻ‌എക്‌സ് മീഡിയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം തിഹാർ ജയിലിലാണ്. ഒക്ടോബർ 17 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരമിപ്പോൾ ഉള്ളത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിനുള്ളത്. 800 തടവുകാരാണ് ജയില്‍ നമ്പര്‍ ഏഴില്‍ ഉള്ളത്. ജയിലിലേക്ക് മരുന്നുകളെല്ലാം കൊണ്ടുപോകാന്‍ കോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു. രാവിലെ ആറിന് ഉറക്കമുണര്‍ന്നാല്‍ തടവുകാര്‍ക്കായി ചായയും രണ്ട് ബിസ്‌കറ്റും നല്‍കും. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണ സമയത്ത് ലൈബ്രറിയില്‍ പേകാനും മുറ്റത്ത് ഉലാത്താനും സൗകര്യമുണ്ട്. ജയില്‍ അധികാരിയുടെ അനുമതിയോടെ ചിദംബരത്തിന് വീട്ടില്‍ നിന്ന് അത്യാവശ്യമുള്ള പുസ്തകങ്ങള്‍ കൊണ്ടുവരാനും വായിക്കാനും സാധിക്കും. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook