/indian-express-malayalam/media/media_files/uploads/2018/10/p-chidambaram1.jpg)
ന്യൂഡൽഹി: വിവാദമായ ഐ എൻ എക്സ് മീഡിയാ കേസില്‍ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. കർണ്ണാടകത്തിൽ കോൺഗ്രസിന്റെ ശക്തനായ സാരഥി, ഡി.കെ.ശിവകുമാറിനെയും ഇഡി ചോദ്യം ചെയ്യും.
ചിദംബരത്തിനെതിരെ അന്വേഷണം നടത്താൻ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎൻഎസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസിൽ പ്രതിയായ കാർത്തി ചിദംബരത്തിന്റെ താത്പര്യപ്രകാരമാണ് അച്ഛനായ ചിദംബരം ഇതിൽ ഇടപെട്ടത്.
ആദായനികുതി വകുപ്പ് ഐഎൻഎക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം ലഭിച്ചതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിൽ ഇന്ദ്രാണിയും പീറ്ററും പാർലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിൽ പി.ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്ന് സിബിഐ പറയുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ചിദംബരം നിർദ്ദേശിച്ചതനുസരിച്ച്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതംഗീകരിച്ചു. ഇതിന് പ്രതിഫലമായി കാർത്തി ചിദംബരം ഒരു കോടി ഡോളർ ആവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.