ന്യൂഡൽഹി: ഐ‌എൻ‌എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മറ്റേതെങ്കിലും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ലെങ്കിൽ ചിദംബരത്തെ തിഹാർ ജയിലിൽ നിന്നും മോചിപ്പിക്കാമെന്നും കോടതി പറഞ്ഞു. ചിദംബരം ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം കസ്റ്റഡിയില്‍ തുടരും. ഇതിനാല്‍ ജാമ്യം ലഭിച്ചെങ്കിലും ചിദംബരത്തിന് തടവിൽനിന്നു പുറത്തിറങ്ങാനാകില്ല.

യുപിഎ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരിക്കെ സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്നായിരുന്നു ചിദംബരത്തിനെതിരായ കേസ്.

Read More: ഐഎന്‍എക്‌സ് മീഡിയ കേസ്: സിബിഐ കുറ്റപത്രത്തിൽ ചിദംബരവും മകനും ഉൾപ്പെടെ 14 പേര്‍

ജസ്റ്റിസ് ആർ.ബാനുമതിയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. അതേസമയം, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും, അനുവാദമില്ലാതെ രാജ്യത്തിനു പുറത്തുപോകരുതെന്നും കോടതി ചിദംബരത്തിന് നിർദേശം നൽകി.

ചിദംബരത്തിനെതിരായ കേസിലെ അഴിമതി ആരോപണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ ചിദംബരത്തിന്റെ മകൻ കാർത്തി, ധനമന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥർ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. മകന്റെ ബിസിനസ് താത്പര്യത്തിനു വേണ്ടി ചിദംബരം പ്രവർത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തിന്റെ താൽപര്യ പ്രകാരമാണ് അച്ഛനായ ചിദംബരം ഇടപെട്ടതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook