ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ, ചിദംബരം നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ സുപ്രീം കോടതി ഇന്നും തുടരും. ചൊവ്വാഴ്ച ചിദംബരത്തിന്റെ ഹർജിയിൽ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി വിധി പറയുക. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക.
കേസിൽ, ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സിബിഐ കോടതി ചൊവ്വാഴ്ച നീട്ടിയിരുന്നു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ഡൽഹി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
Read More: ചിദംബരത്തിന് തിരിച്ചടി; സിബിഐ കസ്റ്റഡിയില്‍ തുടരും
എൻഫോഴ്സ്മെന്റ് പ്രതീക്ഷിക്കുന്നതുപോലെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഇന്നലെ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ചിദംബരം ആരോപിച്ചിരുന്നു. എന്നാല്‍, യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പി.ചിദംബരം നൽകിയ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. സിബിഐ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി അറിയിച്ചു.
പി.ചിദംബരത്തിന് അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.