ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്കി. നിയമ മന്ത്രാലയമാണ് അനുമതി നല്‍കിയത്. നേരത്തെ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് കേസ്. നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാല്‍ ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ കാര്‍ത്തിയുടെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.
ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് എഫ്ഐപിബിയുടെ അനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.