ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിൽ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും ഇന്ദ്രാണി മുഖര്‍ജിയുമടക്കം 14 പ്രതികള്‍. ഒക്ടോബര്‍ 24 വരെ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് ഡല്‍ഹി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് ഡല്‍ഹിയിലെ പ്രത്യേക കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം തിഹാര്‍ ജയിലിലാണ്. ഒക്ടോബര്‍ 17 ന് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്ര് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎന്‍എസ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്പനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തിന്റെ താൽപ്പര്യ പ്രകാരമാണ് അച്ഛനായ ചിദംബരം ഇടപെട്ടതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.