മുംബൈ: പൗരത്വ ഭേദഗതി ബിൽ അദൃശ്യമായി ഹിന്ദു-മുസ്‌ലിം വിഭജനത്തിന് വഴിയൊരുക്കുന്നുവെന്ന വിമർശനവുമായി ശിവസേന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്നതിന് മുന്നോടിയായാണ് ശിവസേനയുടെ വിമർശനം. മുഖപത്രമായ സാംനയിലെ എഡിറ്റോറിയലിൽ രൂക്ഷമായ ഭാഷയിലാണ് ശിവസേന കേന്ദ്ര സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ഹിന്ദു അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞെടുത്ത് സ്വീകരിക്കുന്നത് രാജ്യത്ത് മത യുദ്ധത്തിന് വഴിയൊരുക്കുമെന്നും ശിവസേന പറയുന്നു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല. പല പ്രതിപക്ഷ പാർട്ടികളും നിർദ്ദിഷ്ട നിയമത്തെ വിവേചനപരമെന്ന് വിളിക്കുകയും അത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മതേതരത്വത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.

Read More: പൗരത്വഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ കേന്ദ്രം; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

കാലാവധി അവസാനിച്ചതോടെയാണ് ബിൽ വീണ്ടും ഇന്ന് പാർലമെന്റിലെത്തുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിന് നിലവിലുള്ള നിയമങ്ങളില്‍ ബില്‍ ഭേദഗതി ചെയ്യുന്നു.

അതേസമയം, ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഭരണഘടനയുടെയും മതേതര മൂല്യങ്ങളുടെയും ലംഘനമാണ് ബിൽ. കേന്ദ്ര സർക്കാർ നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ പാർലമെന്റിൽ എതിർക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. “രാജ്യത്ത് ഏത് തരത്തിലുള്ള വിവേചനത്തെയും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. അത് ഇനിയും തുടരും. ഇന്ത്യക്കാരനായ ആര്‍ക്കെതിരെയും വിവേചനം കാണിക്കുന്ന നടപടിയെ കോണ്‍ഗ്രസ് എതിര്‍ക്കും. അതാണ് ഞങ്ങളുടെ നിലപാട്. ഇന്ത്യ എല്ലാവരുടേതുമാണ്. എല്ലാ മതക്കാര്‍ക്കും സമൂഹത്തിനും സംസ്‌കാരത്തിനും ഇവിടെ സ്ഥാനമുണ്ട്” രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും അവരുടെ ആശങ്കകൾ പരിഗണിച്ചു കൊണ്ട് ബില്ലിൽ ഭേദഗതി ചെയ്യുകയും ചെയ്തതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook