ന്യൂഡല്‍ഹി: സൈന്യത്തിനെ വിമര്‍ശിക്കുന്നതിനെതിരെ രൂക്ഷഭാഷയില്‍ സംസാരിച്ച് രാജസ്ഥാന്‍ മന്ത്രി രാജ്കുമാര്‍ റിന്‍വ. സൈന്യത്തെ വിമര്‍ശിക്കുന്നവരെ അരിഞ്ഞുകളയാന്‍ നിയമനിര്‍മാണം ആവശ്യമാണ്‌ എന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട്അദ്ദേഹം പറഞ്ഞു. “രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്കെതിരെ അഭിപ്രായങ്ങള്‍ പറയുന്ന രാഷ്ട്രീയക്കാര്‍ ഒരുപാടുപേരുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയക്കാരെ അരിഞ്ഞുതള്ളുന്നതിനായ് ഭരണഘടനാപരമായി നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.” രാജ്കുമാര്‍ റിന്‍വ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി നേതാവായ അസം ഖാൻ സൈന്യത്തെ വിമര്‍ശിച്ചത് വിവാദമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ മന്ത്രിയുടെ ഈ പ്രതികരണം. ദുര്‍ഘടമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന രാജ്യത്തെ സായുധ സേനയെ വിമര്‍ശിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ബിജെപിയുടെ മന്ത്രി പറഞ്ഞു. ” അമ്പതു ഡിഗ്രി സെല്‍ഷ്യസ് ആയാലും പൂജ്യം ഡിഗ്രിയായാലും രാജ്യത്തെ സംരക്ഷിക്കുന്നവരാണ് പട്ടാളക്കാര്‍. രാഷ്ട്രീയക്കാര്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് ദൗർഭാഗ്യകരമാണ്. ” അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട രാജ്കുമാര്‍ ” ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്ന രാഷ്ട്രീയക്കാരെ കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെ അഞ്ചു മിനുറ്റിനുള്ളില്‍ തീര്‍ത്തുകളയണം” എന്നും പറഞ്ഞു.

ജൂണ്‍ 28നു നടന്ന പാര്‍ട്ടി പരിപാടിക്കിടയില്‍ സൈന്യത്തിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തി എന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവായ അസം ഖാനെതിരെ കഴിഞ്ഞയാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. മതം, വർഗ്ഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പടര്‍ത്തുന്നു എന്നായിരുന്നു ആരോപണം. സ്ത്രീകളായ ഭീകരവാദികള്‍ “കനത്ത സന്ദേശം” നല്‍കുവാനായി സൈനികരുടെ ജനനേന്ദ്രിയം അറത്തുകളയുന്നു എന്നും ഇത് മുഴുവന്‍ രാജ്യത്തെയും “നാണംകെടുത്തുന്ന” താണ് എന്നുമായിരുന്നു അസം ഖാന്‍ പറഞ്ഞത്. ഛത്തീസ്ഗഡില്‍ സുരക്ഷാസൈന്യത്തിനു നേരെ നടന്ന ആക്രമത്തെയാണ് അസം ഖാന്‍ സൂചിപ്പിച്ചത്. താന്‍ ഒരു പത്രവാര്‍ത്ത മാത്രമാണ് പറഞ്ഞത് എന്നായിരുന്നു ഇത് സംബന്ധിച്ച് അസം ഖാന്‍റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ