ന്യൂഡല്‍ഹി:ഖാലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നുനിനെതിരായ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) സ്ഥാപകനും നിയമോപദേശകനുമായ ഗുര്‍പത്വന്ത് സിങ്ങിനെതിരായ തീവ്രവാദ ആരോപണങ്ങളില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ രണ്ടാം അഭ്യര്‍ത്ഥന ഇന്റര്‍പോള്‍ തള്ളി. കേസുമായി ബന്ധപ്പെട്ട മതിയായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന കാരണത്താലാണ് ഇന്റര്‍ പോള്‍ അഭ്യര്‍ത്ഥന നിരസിച്ചതെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് പറയുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെയും അവകാശ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് റെഡ് കോര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതാണ് ആവശ്യപ്പെടുന്ന നടപടിയെന്ന് ഇന്റര്‍പോള്‍ കണ്ടെത്തിയതായും റിപോര്‍ട്ട് പറയുന്നു. അതേസമയം പന്നുന്‍ ഒരു ഉന്നത സിഖ് വിഘടനവാദി ആണെന്നും എസ്എഫ്‌ജെ ഒരു സ്വതന്ത്ര ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്ന ഗ്രൂപ്പാണെന്നും ഇന്റര്‍പോള്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. എന്നിട്ടും, പന്നുന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ മാനം ഉണ്ടെന്നും അത് ഇന്റര്‍പോളിന്റെ ഭരണഘടന പ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസിന് വിധേയമാകില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ പന്നുന്‍ നല്‍കിയ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുകയും ഇന്ത്യന്‍ അധികാരികളുടെ പ്രതികരണം വിലയിരുത്തുകയും ചെയ്തതിന് ശേഷം ഓഗസ്റ്റില്‍ ഇന്റര്‍പോളിന്റെ ഫയലുകളുടെ നിയന്ത്രണ കമ്മീഷന്‍ തങ്ങളുടെ തീരുമാനം ഇന്ത്യയെ അറിയിച്ചതായി റിപോര്‍ട്ട് പറയുന്നു. ജൂണ്‍ അവസാനം നടന്ന ഒരു സെഷനില്‍, കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവവും പന്നുണിന്റെ ഇടപെടല്‍ കാണിക്കാന്‍ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) അപര്യാപ്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് കമ്മീഷന്റെ നിഗമനം.