ന്യൂഡൽഹി: സെപ്റ്റംബർ അവസാനവാരം ചൈനയിൽ വച്ച് കാണാതായ ഇന്റർപോൾ തലവൻ മെങ് ഹോങ്‌വെയുടെ രാജി ഇന്റർപോൾ സ്വീകരിച്ചു. മെങ് ഇപ്പോൾ ചൈനീസ് പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ചൈന വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്. എന്നാൽ മെങ് ചെയ്ത കുറ്റങ്ങൾ എന്തെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
മെങ് ചൈനയിലെ നിയമം ലംഘിച്ചുവെന്ന് മാത്രമാണ് ചൈനയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇന്നലെ പുറത്തിറക്കിയ കുറ്റപത്രത്തിൽ പറയുന്നത്. മുൻപ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും ചൈനയിലെ പൊതു സുരക്ഷ വിഭാഗത്തിൽ ഡെപ്യൂട്ടി മന്ത്രിയുമായിരുന്നു മെങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിന്റെ പേരിലാണ് മെങ്ങിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
രണ്ട് വർഷം മുൻപ് 2016 ലാണ് മെങ് ഇന്റർപോൾ തലവനാകുന്നത്. 2020 വരെ അദ്ദേഹത്തിന് ഈ സ്ഥാനത്ത് തുടരാമായിരുന്നു. മെങ്ങിന്റെ ഭാര്യ ഭർത്താവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് ഫ്രാൻസിൽ നൽകിയ പരാതിക്ക് പിന്നാലെയാണ് ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
മെങ് ഹോങ്‌വെയുടെ രാജിക്ക് പിന്നാലെ ഇന്റർപോളിന്റെ താത്കാലിക തലവനായി കിം ജോങ് യാങിനെ നിയമിച്ചു. ദക്ഷിണകൊറിയക്കാരനായ ഇദ്ദേഹം ഇന്റർപോളിന്റെ വൈസ് പ്രസിഡന്റാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിൽ നടക്കും.