ന്യൂഡൽഹി: ബലാത്സംഗ, ലൈംഗിക ആരോപണങ്ങളെത്തുടർന്ന് രാജ്യം വിട്ട സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയെ കണ്ടെത്താൻ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ഇന്റർപോൾ. കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത് നിർബന്ധമാക്കുന്ന ബ്ലൂ കോർണർ നോട്ടീസ് നിത്യാനന്ദയ്ക്കെതിരെ ഇന്റർപോൾ പുറപ്പെടുവിച്ചു.ഗുജറാത്ത് പോലീസിന്റെ അഭ്യർഥന മാനിച്ചാണു നടപടി.
സമീപ മാസങ്ങളിൽ, സ്ഥലം വെളിപ്പെടുത്താതെ വിചിത്രമായ അവകാശവാദകങ്ങളുമായി നടത്തുന്ന പ്രഭാഷണ വീഡിയോകളിൽ മാത്രമാണ് നിത്യാനന്ദയെ കാണുന്നത്. നിത്യാനന്ദ ഒളിച്ചോടി ഇക്വഡോറിൽ അഭയം പ്രാപിച്ചുവെന്ന വാർത്ത ആ രാജ്യം നിഷേധിച്ചിരുന്നു. അഭയം നൽകാനുള്ള നിത്യാനന്ദയും അപേക്ഷയും ഇക്വഡോർ നിരസിച്ചിരുന്നു. രാജ്യത്ത് ഒരു ദ്വീപ് വാങ്ങി “കൈലാസം” എന്ന് നാമകരണം ചെയ്തുവെന്ന അവകാശവാദം ഇക്വഡോർ നിഷേധിച്ചു.
Read More: ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടു; ‘ആവശ്യമെങ്കിൽ’ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്
സംഭാവന ശേഖരിക്കുന്നതിനായി അഹമ്മദാബാദിലെ ആശ്രമത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസിൽ ഗുജറാത്തിലും കർണാടകയിലും പോലീസ് നിത്യാനന്ദയ്ക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ആശ്രമത്തിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായതിനെത്തുടർന്ന് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബലാത്സംഗ ആരോപണത്തെത്തുടർന്ന് 2010 ൽ ഹിമാചൽ പ്രദേശിൽ അറസ്റ്റിലായ നിത്യാനന്ദ, ഒരു നടിക്കൊപ്പം കഴിയുന്ന വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു.ഡിസംബറിൽ സർക്കാർ നിത്യാനന്ദയുടെ പാസ്പോർട്ട് റദ്ദാക്കുകയും പുതിയ പാസ്പോർട്ടിനായുള്ള അപേക്ഷ തള്ളിക്കളയുകയും ചെയ്തിരുന്നു. നിത്യാനന്ദയെ കണ്ടെത്താൻ സഹായിക്കുന്നതിന് വിദേശത്തുള്ള എല്ലാ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
അടുത്തിടെയുള്ള ഒരു വീഡിയോയിൽ “ആർക്കും എന്നെ തൊടാൻ കഴിയില്ല” എന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
“യാഥാർഥ്യവും സത്യവും നിങ്ങളോട് വെളിപ്പെടുത്തിക്കൊണ്ട് ഞാൻ നിങ്ങളോട് എന്റെ സത്യസന്ധത കാണിക്കും. ഇപ്പോൾ ആർക്കും എന്നെ തൊടാൻ കഴിയില്ല, എനിക്ക് സത്യം പറയാൻ കഴിയും – ഞാൻ പരമ ശിവനാണ്. മനസിലായോ സത്യം വെളിപ്പെടുത്തിയതിന് ഒരു വിഡ്ഢി കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. ഞാൻ പരമ ശിവനാണ്,” നിത്യാനന്ദ വീഡിയോയിൽ പറഞ്ഞു.
“ഇവിടെ വന്നതിലൂടെ നിങ്ങൾ എന്നോട് നിങ്ങളുടെ സത്യസന്ധതയും വിശ്വസ്തതയും തെളിയിച്ചു. നിങ്ങൾക്കാർക്കും ഇനി മരണമില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,” നിത്യാനന്ദ പറഞ്ഞു.
തമിഴ്നാട്ടിലെ മധുര അധീനം മഠത്തിന്റെ ആത്മീയ തലവനാണ് താനെന്നാണു നിത്യാനന്ദ അവകാശപ്പെടുന്നത്.