ന്യൂഡൽഹി: വായ്പ തട്ടിപ്പു നടത്തി രാജ്യം വിട്ട മെഹുൽ ചോക്സിക്കെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ വിട്ട ചോക്സി കരീബിയൻ ദ്വീപുരാഷ്ട്രമായ ആന്റിഗ്വയിൽ ഉള്ളതായാണ് റിപ്പോർട്ടുകൾ.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട കേസിലെ പ്രധാന പ്രതികളിലൊരാളാണ് മെഹുൽ ചോക്സി. ഇയാളുടെ അനന്തരവൻ നീരവ് മോദിയാണ് മറ്റൊരു പ്രധാന പ്രതി. തട്ടിപ്പു വിവരം പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും ഇവരുടെ കുടുംബവും ഇന്ത്യ വിട്ടത്.
നീരവ് മോദിക്കെതിരെ നേരത്ത ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസൽസിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബോംബൈ കോടതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചൊക്സിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ എത്തിയാൽ മുൻ ജീവനക്കാരും കടം വാങ്ങിയവരും ചേർന്ന് തന്നെ മർദ്ദിച്ച് കൊല്ലുമെന്നും ജയിലിൽപോലും തനിക്ക് സുരക്ഷ ഉണ്ടാവില്ലെന്നുമാണ് മെഹുൽ ചോക്സി നേരത്തെ വ്യക്തമാക്കിയത്.
കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾക്കുപിന്നാലെയാണ് നീരവ് മോദിയെയും മെഹുൽ ചോക്സിയെയും തിരികെയെത്തിക്കാൻ ഇന്ത്യ ശ്രമം നടത്തുന്നത്. ബാങ്കുകളിൽനിന്നും കോടികളുടെ വായ്പയെടുത്ത് രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ യുകെയിലെ കോടതിയുടെ ഉത്തരവിട്ടിരുന്നു. മല്യയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് വിധി പറഞ്ഞത്. മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
വിവിധ ബാങ്കുകളിൽനിന്നായി കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലാണ് ഉളളത്. 2 വർഷമായി മല്യയെ വിട്ടു കിട്ടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു. പൊതുമേഖല ബാങ്കുകളെ വഞ്ചിച്ച് 9000 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് മല്യക്കെതിരായ പ്രധാന കേസ്. കളളപ്പണം വെളുപ്പിച്ചു, വായ്പ തുക വകമാറ്റി ചെലവഴിച്ചു എന്നീ കുറ്റങ്ങളും മല്യക്ക് മേൽ ചുമത്തിയിട്ടുണ്ട്.