ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിനെ ന്യായീകരിച്ച് നീതി ആയോഗ് അംഗം വി.കെ.സരസ്വത്. കശ്‌മീരിൽ ചീത്ത സിനിമകൾ കാണാനാണ് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതെന്ന് വി.കെ.സരസ്വത് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ തുടർന്ന് കശ്‌മീരിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത് രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് ഒരു പ്രശ്‌നവും സൃഷ്‌ടിച്ചിട്ടില്ല എന്ന് സരസ്വത് പറയുന്നു. ധീരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ടിലെ വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്തുകൊണ്ടാണ് രാഷ്ട്രീയക്കാരെല്ലാം കശ്‌മീരിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. കശ്‌മീരിലെ പ്രശ്‌നങ്ങൾ ആളികത്തിക്കാനാണ് രാഷ്ട്രീയക്കാരുടെ ശ്രമം. അതിനാലാണ് അവർ അങ്ങോട്ട് പോകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കശ്‌മീരിലെ പ്രശ്‌നങ്ങൾ വഷളാക്കുകയാണ് അവരുടെ ജോലി. അതുകൊണ്ട് കശ്‌മീരിൽ ഇന്റർനെറ്റ് ഇല്ലാത്തത് എന്തുകൊണ്ടും നന്നായി. ഇന്റർനെറ്റ് ഉള്ളതുകൊണ്ട് അവിടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിക്കില്ല. കശ്‌മീരിൽ അശ്ലീല സിനിമകൾ കാണാൻ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.” സരസ്വത് പറഞ്ഞു.

Read Also: കാൻസറിനെ ചിരിയോടെ നേരിട്ടു; ഒടുവിലൊരു നോവായി വിട പറഞ്ഞു

കശ്‌മീരിൽ ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രത്യേകിച്ച് കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. കശ്‌മീരിഷ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ തക്കതായ കാരണമുണ്ട്. ഗുജറാത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണല്ലോ? അപ്പോൾ കശ്‌മീരിലെ കാര്യം തീർത്തും വ്യത്യസ്തമാണെന്ന് മനസിലാക്കണം. ആർട്ടിക്കിൾ 370 നീക്കം ചെയ്യുമ്പോൾ ഇന്റർനെറ്റ് ഉണ്ടെങ്കിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടും. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് അതു കാരണമാകും നീതി ആയോഗ് അംഗം പറഞ്ഞു.

ജെഎൻയു ക്യാംപസിലെ പ്രശ്‌നങ്ങൾ ഇടത് സംഘടനകളുടെ സൃഷ്ടിയാണെന്നും സരസ്വത് പറഞ്ഞു. ജെഎൻയുവിനെ ഒരു പോർക്കളമാക്കാനാണ് പലരും ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ചിലർ. ജെഎൻയുവിലെ അധ്യാപകരിൽ ഭൂരിഭാഗവും ഇടത് അനുകൂല പ്രസ്ഥാനങ്ങളിൽ ഉള്ളവരാണെന്നും ഫീസ് വർധനവ് അല്ല അവിടുത്തെ യഥാർഥ പ്രശ്‌നമെന്നും നീതി ആയോഗ് അംഗം പറഞ്ഞു.

Read Also: നെറ്റിയിലേക്ക് തോക്ക് ചേര്‍ത്തുപിടിച്ചു; ആത്മഹത്യയെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതിനെ തുടർന്നാണ് കശ്‌മീരിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. പിന്നീട് സുപ്രീം കോടതി പറഞ്ഞതിനു പിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം ഭാഗികമായി റദ്ദാക്കിയത്. സർക്കാർ ഓഫീസുകളിൽ ബ്രോഡ്‌ബാൻഡ് സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. സുപ്രീം കോടതിയെ വിധിയെ തുടർന്നാണ് അവശ്യ സേവനങ്ങൾ പുനസ്ഥാപിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ അവശ്യ സേവനങ്ങൾക്കായാണ് ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചത്. ടൂറിസം സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി കശ്‌മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ആശുപത്രികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും പോലുള്ള അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാനും ജസ്റ്റിസുമാരായ വിഎന്‍ രമണ, ആര്‍.സുഭാഷ് റെഡ്ഡി, ആര്‍വി ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ജമ്മു കശ്മീർ ഭരണകൂടത്തോട് സുപ്രീം കോടതി ഉത്തരവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook