സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങ് നീണ്ട നാളുകൾക്കുശേഷം പൊതുപരിപാടിയിൽ പങ്കെടുത്തു. പോങ്ങ്യാങ്ങിൽ മേയ് ഡേ സ്റ്റേഡിയത്തിൽ നടന്ന കലാ പ്രകടനങ്ങൾ കാണാനാണ് കിം യോ ജോങ് സഹോദരനൊപ്പം എത്തിയത്. സഹോദരൻ കിം ജോങ് ഉന്നിനും കിമ്മിന്റെ ഭാര്യ റി സോൾ ജുവുവിനും സമീപത്തായി ഇരുന്ന് കയ്യടിക്കുന്ന കിം യോ ജോങ്ങിന്റെ ചിത്രങ്ങൾ ഉത്തര കൊറിയ സ്റ്റേറ്റ് മീഡിയ ആണ് പുറത്തുവിട്ടത്.

തിങ്കളാഴ്ച നടന്ന കലാകാരന്മാരുടെ പ്രകടനത്തിൽ കിം ജോങ് ഉൻ സന്തോഷവാനല്ലെന്നാണ് കൊറിയയിലെ ഔദ്യോഗിക ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ചവരെ കിം രൂക്ഷമായി വിമർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഉത്തര കൊറിയയിൽ വർഷം തോറും ഇത്തരത്തിൽ കലാ പ്രകടനങ്ങൾ ഉൾക്കൊളളിച്ചുളള പരിപാടി നടത്താറുണ്ട്. പക്ഷേ കിമ്മിന്റെ പിതാവിന്റെ മരണത്തോടെ പരിപാടികൾ നിർത്തിവച്ചു. കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്.

ഉത്തര കൊറിയയിലെ പോളിറ്റ് ബ്യൂറോയിലെ സീനിയർ അംഗമാണ് കിമ്മിന്റെ സഹോദരി കിം യോ ജോങ്. രാജ്യത്ത് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുളള പരമോന്നത അധികാര കേന്ദ്രമാണു പോളിറ്റ് ബ്യൂറോ. സഹോദരന്റെ അടുത്ത വിശ്വസ്ത കൂടിയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും പങ്കെടുത്ത ഉച്ചകോടിയിൽ കിമ്മിനൊപ്പം സഹോദരിയും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്തപ്പോഴാണ് കിം യോ ജോങ്ങിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ അവസാനമായി പുറത്തുവിട്ടത്. കിം യോ ജോങ്ങിനെക്കുറിച്ചുളള വിവരങ്ങൾ അധികമൊന്നും പുറംലോകത്ത് എത്തിയിട്ടില്ല. കിം അധികാരമേറ്റതു മുതൽ പ്രധാന പരിപാടികൾ സംഘടിപ്പിക്കുക പോലുളള ആശയപ്രചാരണങ്ങളുടെ ചുമതല കൈകാര്യം ചെയ്യുന്നത് സഹോദരിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook