ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അസംബ്ലീയിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്. ഇതോടെ ഇത്തരത്തിൽ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് പാസായത്.
ശനിയാഴ്ച രാവിലെ 10. 30ന് ആരംഭിച്ച ദേശീയ അസംബ്ലി സമ്മേളനം പലതവണ നിർത്തിവച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയാക്കാത്തതിൽ സുപ്രീം കോടതി അമർഷം പ്രകടിപ്പിച്ചതിനു പിന്നാലെ ആയിരുന്നു വോട്ടെടുപ്പ് നടന്നത്. പ്രമേയം പാസാക്കി പിരിഞ്ഞ സഭ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും ചേരും. സ്പീക്കർ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയും വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് രാജിവെച്ചിരുന്നു.
വിദേശഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെടുകയും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തതോടെയാണ് സഭാ നടപടികൾ നീണ്ടത്.
അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയതും ദേശീയ അസംബ്ലി പിരിച്ചുവിട്ടതും സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഇമ്രാൻ ഖാന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നേരിടേണ്ടി വന്നത്.
342 അംഗ പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം പാസാവാൻ ആവശ്യമുള്ളത് 172 വോട്ടാണ്. പ്രധാന പാർട്ടികളായ എംക്യുഎംപിയും ബിഎപിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത.
അവിശ്വാസപ്രമേയം വോട്ടിനിടാതെ ഏപ്രില്‍ മൂന്നിനാണു ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന് സൂരി തള്ളിയത്. പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിടുകയായിരുന്നു. പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ മാര്‍ച്ച് 28 നു പ്രതിപക്ഷം അവിശ്വാസ പ്രമേയം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തത്. ഏപ്രില്‍ മൂന്നിനു വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗൂഢാലോചന ആരോപിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയം തള്ളുകയായിരുന്നു.
അതിനിടെ, ഇറക്കുമതി സർക്കാരിനെ അംഗീകരിക്കില്ലെന്നും ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നുമാണ് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ ഇമ്രാൻ ഖാൻ പറഞ്ഞത്. ഇന്ന് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് അദ്ദേഹം ആഹ്വാനവും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെ ഇമ്രാന് ഖാന് പ്രശംസിക്കുകയും ചെയ്തു.
Read More: ഓസ്കര് വേദിയിൽ അവതാരകന് ക്രിസ് റോക്കിനെ തല്ലി; വിൽ സ്മിത്തിന് 10 വർഷം വിലക്ക്