ന്യൂഡല്‍ഹി: കുൽഭൂഷൺ ജാദവിന്റെ കേസിൽ രാജ്യാന്തര കോടതിയുടെ വിധി ഇന്ന്. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് ഇന്ന് വിധി വരാനിരിക്കുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ രാജ്യാന്തര കോടതിയില്‍ വാദിച്ചത്. കേസില്‍ വിധി അനുകൂലമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം മേയ് ആദ്യം വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. മേയ് മാസത്തിൽ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാക്കിസ്ഥാന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാക്കിസ്ഥാന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കവെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.