കൊളംബോ: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ ഐക്യമുണ്ടാകണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയില്‍ ഒരു ‘മുസ്‌ലിം പ്രഭാകര’ന്റെ ഉദയത്തിന് അവസരമുണ്ടാക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

രാജ്യം വിഭജിക്കപ്പെട്ടുവെന്നും രാജ്യത്തെ രാഷ്ട്രീയ നേതാക്കളും മത നേതാക്കളും ഭിന്നിപ്പിലാണെന്നും ഒരു മുസ്‌ലിം പ്രഭാകരന്‍ വളര്‍ന്നു വരാനുള്ള അവസരം ഒരുക്കരുത് എന്നും അദ്ദേഹം പറഞ്ഞു. എല്‍ടിടിഇയുടെ കേന്ദ്രമായിരുന്ന മുല്ലത്തീവില്‍ സംസാരിക്കവെയാണ് സിരിസേന ഇങ്ങനെ പറഞ്ഞത്.

Read More: ശ്രീലങ്കയിലെ ഭീകരാക്രമണം; എന്‍ഐഎ സംഘം കൊളംബോയില്‍

ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍. തമിഴര്‍ക്കായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. സിംഹള സംസാരിക്കുന്ന ശ്രീലങ്കന്‍ ജനതയും തമിഴരും തമ്മിലുണ്ടായ പ്രശ്നങ്ങളും അടിച്ചമര്‍ത്തലുമാണ് എല്‍ടിടിഇ പടരാനും വളരാനും കാരണമായത്. 2009ല്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായ ശ്രീലങ്കന്‍ സിവില്‍ യുദ്ധം പ്രഭാകരന്റെ മരണത്തോടെയാണ് അവസാനിച്ചത്.

‘നമ്മള്‍ ഭിന്നിച്ച് നിന്നാല്‍ നഷ്ടം രാജ്യത്തിനാണ്. മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടും,’ സിരിസേന മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിനുപിന്നില്‍ പ്രാദേശിക ഇസ്‌ലാമിക സംഘടനയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യം വിഭാഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രസിഡന്റ് തന്നെ പറയുന്നത്.

ഭൂരിപക്ഷം രാഷ്ട്രീയ പ്രവര്‍ത്തകരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിരിസേന പറഞ്ഞു. ഭിന്നിപ്പ് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് തടയിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയില്‍ തമിഴര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നുണ്ടെന്നും അവയ്ക്ക് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കഥകള്‍ മാറ്റിവച്ച് രാജ്യത്തെ എല്ലാ ജനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും മുന്നോട്ടു പോകണമെന്നും സിരിസേന അഭ്യർഥിച്ചു.

ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനു പിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.

ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook