scorecardresearch

ആയത്തുളള ഖൊമൈനിക്കെതിരെ ‘കടുത്ത ഉപരോധം’; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

യുഎസ് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഖൊമൈനി അടക്കമുള്ളവർക്ക് ലഭിച്ചിരുന്ന വരുമാനം നിലച്ചു

America, അമേരിക്ക, Iran, ഇറാന്‍, donald trump, ഡോണള്‍ഡ് ട്രംപ്, sanction, ഉപരോധം, Ayatollah Ali Khamenei, ആയത്തുളള ഖൊമൈനി

വാഷിങ്ടൺ: ഇ​റാ​നെ​തി​രായ സാമ്പത്തിക ഉപരോധങ്ങൾ കര്‍ശനമാക്കി അമേരിക്ക. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമൈനി അടക്കമുള്ളവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് പുതിയ നടപടി. പുതിയ ഉപരോധ ഉത്തരവ് പ്രകാരം യുഎസ് നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഖൊമൈനി അടക്കമുള്ളവർക്ക് ലഭിച്ചിരുന്ന വരുമാനം നിലക്കും. കൂടാതെ, തങ്ങളുടെ അടുപ്പക്കാരെ ഈ സ്ഥാപനങ്ങളിൽ നിയമിക്കാനും സാധിക്കില്ല.

ഖൊമൈനി, ഖൊമൈനിയുടെ ഓഫീസ്, റെവല്യൂഷണറി ഗാർഡിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാർ അടക്കമുള്ളവരുടെ വരുമാന സ്രോതസുകൾ കുറക്കുകയോ ഇല്ലാതാക്കുകയോ ആണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഉപരോധ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അതേസമയം, നയതന്ത്ര തലത്തിലുള്ള പരിഹാരമല്ല മറിച്ച് യുദ്ധവെറിയാണ് അമേരിക്കയെ നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷരീഫ് പ്രതികരിച്ചു. ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇറാന്‍ മാറുമെന്നും, അമേരിക്കന്‍ പ്രസിഡന്‍റ് ഇറാന്‍റെ മികച്ച സുഹൃത്തായിരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

അമേരിക്കയുടെ സമ്മർദത്തിൽ നിന്ന് ഇറാനെ രക്ഷിക്കാന്‍ യൂറോപ്പ് ഒന്നും ചെയ്തില്ലെങ്കിൽ ആണവ പദ്ധതികള്‍ വർധിപ്പിക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് ഇറാനും തിരിച്ചടിച്ചു. ഉപരോധങ്ങളിൽ നിന്നുള്ള നിരന്തരമായ സാമ്പത്തിക സമ്മർദം മൂലമാണ് ഇറാൻ ചർച്ചകള്‍ നടത്താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അത് തള്ളിക്കളഞ്ഞ ഇറാന്‍ ഉപരോധം നിലനിൽക്കെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും പറഞ്ഞു. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.

തെക്കൻ സൗദി അറേബ്യയിലെ അഭാ വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂദി വിമതര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അഭാ എയർപോര്‍ട്ട് ആക്രമിക്കപ്പെടുന്നത്. തെക്ക്-പടിഞ്ഞാറൻ സൗദി തീരത്തുള്ള ജിസാനിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതായും അവര്‍ അവകാശപ്പെടുന്നുണ്ട്.

ഇറാൻ മേഖലയിൽ നടത്തുന്ന ​ഇടപെടൽ അവസാനിപ്പിക്കാൻ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും അമേരിക്കയുടെ ക്ഷമയെ ദൗർബല്യമായി ഇറാൻ കാണരുതെന്നും യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ പറഞ്ഞു.

Stay updated with the latest news headlines and all the latest International news download Indian Express Malayalam App.

Web Title: Donald trump signs hard hitting sanctions against irans ayatollah