ന്യൂഡല്‍ഹി: രാജ്യാന്തര യോഗാദിനത്തില്‍ വിപുലമായ പരിപാടികളുമായി രാജ്യം. യോഗാദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരും യോഗാദിനത്തിലെ പരിപാടികളില്‍ പങ്കെടുത്തു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് പ്രധാനമന്ത്രി യോഗാദിനാചരണത്തിന്റെ പരിപാടികളില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിക്കൊപ്പം യോഗാദിനം ആചരിക്കാന്‍ ആയിരങ്ങളാണ് റാഞ്ചിയിലെത്തിയത്. എല്ലാവരോടും യോഗ ശീലമാക്കാന്‍ താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയില്‍ പറഞ്ഞു. യോഗയെക്കുറിച്ച് നിരന്തരം അറിഞ്ഞിരിക്കണമെന്നും അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായം, നിറം, ജാതി, വംശം എന്നിവയ്‌ക്കെല്ലാം മുകളിലാണ് യോഗ. അത് എല്ലാ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗ ഒരു ശീലവും സമര്‍പ്പണവും ആണ്. ജീവിതത്തിലുടനീളം യോഗ അനുഷ്ഠിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Read Also: മോദിയുടെ തടാസനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഐക്യത്തിന്റെയും ഒരുമയുടെയും മൂല്യങ്ങളാണ് യോഗ നല്‍കുന്നത്. നൂറ്റാണ്ടുകളായി യോഗയുടെ സത്ത ഒന്ന് തന്നെയാണ്. യോഗ ഓരോ വ്യക്തികളെയും കൂടുതല്‍ നല്ലവരാക്കും. മദ്യപാനമടക്കമുള്ള വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗാദിനാചരണത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

രാജ്യാന്തര യോഗാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും പരിപാടികളില്‍ പങ്കെടുത്തു.

യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിൽ വിവിധ ആസനങ്ങളുടെ വീഡിയോ പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ച് തന്റെ സ്വന്തം കാര്‍ട്ടൂണ്‍ ആനിമേഷന്‍ വീഡിയോ പങ്കുവയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയിലെ പാഠങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് കാര്‍ട്ടൂണ്‍ വീഡിയോ. മോദി പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ത്രികോണാസന വീഡിയോ പങ്കുവച്ച മോദി രണ്ടാം ഘട്ടത്തില്‍ പങ്കുവച്ചിരിക്കുന്നത് തടാസനത്തിന്റെ വീഡിയോ ആണ്. ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തടാസനത്തിന്റെ ഗുണഫലങ്ങളാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. തടാസനം ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചാല്‍ മറ്റ് ആസനങ്ങളെല്ലാം അനായാസം വഴങ്ങുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook