ലഖ്നൗ: മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെഉദ്ഘാടനം ലഖ്നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. രമാബായി റാലി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.

സമീപകാലത്ത് യോഗ ഒരു മികച്ച തൊഴിലിടമായി തന്നെ ഉയർന്നു വന്നെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. “അന്താരാഷ്ട്ര തലത്തിൽ തന്നെ യോഗയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. യോഗ അദ്ധ്യാപകരുടെ എണ്ണം വർദ്ധിച്ചു. യുവാക്കൾ യോഗ മികച്ച പ്രൊഫഷനായി കാണാൻ തുടങ്ങി”യെന്നും പ്രധാനമന്ത്രി പറഞ്ഞു.

“യോഗ ലോകത്തെ ഒറ്റക്കെട്ടായി ബന്ധിപ്പിച്ച് നിർത്തുന്ന കണ്ണിയാണ്. വ്യായാമമുറ എന്നതിനേക്കാള്‍ ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യോഗ എക്കാലത്തേക്കുമുള്ള ആരോഗ്യ സുരക്ഷയാണെന്നും”​ പ്രധാനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി യോഗ ചെയ്തു. കനത്ത സുരക്ഷയ്ക്ക് നടുവിലാണ് പ്രധാനമന്ത്രിയുടെ യോഗ ദിന പരിപാടികൾ നടന്നത്. അമ്പതിനായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

രാജ്യതലസ്ഥാനത്ത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലായിരുന്നു യോഗ ദിന പരിപാടികൾ. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ ഇവിടെ പരിപാടിയിൽ സംബന്ധിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലക്കാട് നടന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook