scorecardresearch
Latest News

അൽ ജസീറയുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി, ഇന്ത്യയിലെ സംപ്രേക്ഷണം നിർത്തേണ്ടി വരും

ജമ്മു കശ്മീരിനെ കുറിച്ചുളള ഡോക്യുമെന്ററിയെ തുടർന്നാണ് അൽ ജസീറയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിക്കുന്നത്. മൂന്ന് വർഷത്തിനിടിയിൽ രണ്ടാം തവണയാണ് അൽജസീറയ്ക്കെതിരെ കേന്ദ്ര സർക്കാർ നടപടി ഉണ്ടാകുന്നത്

International English news channel Al Jazeera to stop broadcast in India
International English news channel Al Jazeera to stop broadcast in India

ന്യൂഡൽഹി അൽ ജസീറ ഇംഗ്ലീഷ് ടെലിവിഷൻ ചാനലിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതോടെ ഇന്ത്യയില്‍ നിന്നുളള സംപ്രേക്ഷണം അൽജസീറ നിർത്തി വെയ്ക്കേണ്ടി വരും. ചാനലിനുളള സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നിഷേധിച്ചതോടെയാണ്​​ ചാനലിന്റെ സംപ്രേക്ഷണം ഇന്ത്യയിൽ നിർത്തിവെയ്ക്കേണ്ടുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്.

ഇക്കണോമിക് ടൈംസ് ആണ് അൽ ജസീറയ്ക്ക് സെക്യൂരിറ്റി ക്ലിയറൻസ് നൽകിയില്ലെന്നും അതിനാൽ സംപ്രേക്ഷണം നിർത്തിവെയ്ക്കേണ്ടി വരുമെന്ന വാർത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

സുരക്ഷാ ക്ലിയറൻസ് റദ്ദാക്കയിതിന് കാരണങ്ങളൊന്നും ഔദ്യോഗികമായി പറയുന്നില്ലെന്നാണ് അറിയുന്നത്. എന്നാൽ കശ്മീരിലെ തീവ്രവാദത്തെക്കുറിച്ച് അൽ ജസീറ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് ഇപ്പോഴത്തെ സാഹചര്യത്തിലേയ്ക്ക് നയിച്ചതിന്റെ മൂലകാരണമെന്ന് വാർത്താ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തിനുളളിൽ രണ്ടാം തവണയാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അൽ ജസീറയ്ക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത്.

നിലവിൽ സംപ്രേഷണം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ ഭാവി നിർണയിക്കുക ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുളള റിവ്യൂ പെറ്റീഷനിലായിരിക്കുമെന്ന് ഉന്നത​ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ ഒരു ചാനലിന് സംപ്രേക്ഷണം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുളള സുരക്ഷാ ക്ലിയറൻസ് നിർബന്ധമാണ്.​ ഈ ക്ലിയറൻസിന്റെ പശ്ചാത്തലത്തിലാണ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സംപ്രേക്ഷണ ലൈസൻസ് നൽകുന്നത്.

ഔദ്യോഗിക രേഖകൾ പ്രകാരം 2010 ഡിസംബർ മൂന്നിന് ആഭ്യന്തര വകുപ്പ് നൽകിയ സുരക്ഷാ ക്ലിയറൻസ് 2018 മെയ് 29 ന് പിൻവലിച്ചു. ഇത് സംബന്ധിച്ച് അൽജസീറ ഇംഗ്ലീഷ് ചാനലിന്റെ നടത്തിപ്പുകാരായ എ​ ജെ ഐ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റ് പ്രതികരിക്കാൻ വിസമ്മതിച്ചതായും പത്രം റിപ്പോർട്ട് ചെയ്യുന്നു. അൽ ജസീറ ഇംഗ്ലീഷ് എക്സിക്യൂട്ടൂവ്സ് അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല. ആഭ്യന്തരമന്ത്രാലയവും ചോദ്യങ്ങളോട് പ്രതികരിച്ചില്ല. കശ്മീരിലെ തീവ്രവാദ ബന്ധങ്ങളെ കുറിച്ചുളള ഡോക്യുമെന്ററിയിൽ കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് വിശദീകരിക്കുന്നതിന് ഡോക്യുമെന്ററിയുടെ ഗണ്യമായ പത്ത് മിനിട്ട് സമയം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിനുളള അപേക്ഷയിൽ ചാനൽ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത് ഡോക്യുമെന്ററിയുടെ പൂർണരൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് ആഭ്യന്തരമന്താലയത്തിന്റെ ഉദ്യോഗസ്ഥർക്കായി കാണിച്ച എഡിറ്റഡ് ഭാഗത്തിൽ വിട്ടുപോയതാണെന്നും ചാനൽ പറയുന്നു.

മൂന്ന് വർഷം മുമ്പ് 2015 ൽ അൽജസീറയ്ക്കെതിരെ ഇന്ത്യ നടപടി എടുത്തിരുന്നു. അന്ന്് ചാനലിനെ അഞ്ച് ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകാണ് ചെയ്തത്. ജമ്മു കശ്മീരിന്റെ മാപ്പ് തെറ്റായി നൽകിയതിനെ തുടർന്നായിരുന്നു. തെറ്റ് ആവർത്തിച്ച സാഹചര്യത്തിലാണ് അന്ന് സസ്പെൻഡ് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആ സമയത്ത് ഏപ്രിൽ 22 ന് 00.01 മുതൽ ഏപ്രിൽ 27 ന് 00.01 വരെയുളള സമയം വരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദേശമുളളതിനാൽ​ ഈ​ ചാനൽ ലഭിക്കുകയില്ലെന്ന് എഴുതികാണിക്കുന്ന ഒരു ബ്ലാങ്ക് സ്ക്രീൻ ആണ് അൽ ജസീറ കാണിച്ചത്.

ഈ വർഷം ജൂൺ വരെ 867 സ്വകാര്യ ഉപഗ്രഹ ചാനലുകൾക്കാണ് കേന്ദ്രസർക്കാർ അപ് ലിങ്കിങ്, ഡൗൺലിങ്കിങ്ങ് അനുമതി നൽകിയിട്ടുളളത്. വിവിധ കാരണങ്ങളാൽ 236 ചാനലുകളുടെ അനുമതി റദ്ദാക്കി. ചാനൽ ഉടമസ്ഥരുടെ ആവശ്യപ്രകാരമുളള കാൻസലേഷൻ, ചാനൽ പ്രവർത്തനരഹിതമായ സാഹചര്യം, ചാനലുകൾ മതിയായ രേഖകൾ സമർപ്പിക്കാത്തതിനാൽ, മറ്റ് കാരണങ്ങൾ എന്നിവയാണ്.

ഇതിൽ 147 ചാനലുകളുടെ അനുമതി പിൻവലിച്ചത് 2015 നും 2018 ജൂണിനും ഇടയിലാണ്. എബി സി ന്യൂസ്, വോയിസ് ഓഫ് നേഷൻ, ഫോക്കസ് എൻ ഇ ടിവി, മാ ടിവി, ഭക്തി സാഗർ, ജൻകർ ന്യൂസ്, എം ട്യൂൺസ്, ലെമൺ ന്യൂസ്, എന്നിവയ്ക്കും അവരുടെ സബ്സിഡയറി ചാനലുകൾക്കും ലൈസൻസ് നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാലാണ്.

വിദേശ മാധ്യമങ്ങളിൽ കശ്മീരിനെ കുറിച്ച് എന്തെങ്കിലും പ്രതികൂലമായ റിപ്പോർട്ടുകൾവരുന്നതിനെ കുറിച്ച് കേന്ദ്രസർക്കാർ വളരെ ശ്രദ്ധാലുക്കളാണ്. മെയ് മാസത്തിൽ ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് നിർദേശിച്ച് എല്ലാ വിദേശ മാധ്യമ പ്രവർത്തകർക്കും വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലുളള പബ്ലിസ്റ്റി ഡിവിഷൻ കത്ത് നൽകിയിരുന്നു. 1958 ലെ നിയമമനുസരിച്ച നൽകിയ കത്തിൽ അരുണാചൽ പ്രദേശ്, സിക്കിം, എന്നീ സംസ്ഥാനങ്ങളും ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്

ആഭ്യന്തര മന്ത്രാലയം 2015ൽ 33 ചാനലുകൾക്കാണ് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത്. കലാനിധി മാരന്റെ സൺടിവി നെറ്റ് വർക്കിന്റെചാനലുകളെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. സൺ ടി വി നെറ്റ് വർക്ക് ഇതിനെതിരെ കോടതിയ സമീപിച്ചാണ് സുരക്ഷാ ക്ലിയറൻസ് നേടിയത്.
അൽജസീറ ഇംഗ്ലീഷ് ചാനൽ ഖത്തർ കേന്ദ്രമാക്കിയ അറബിക് അൽജസീറയുടെ ഭാഗമായ ഒന്നാണ്. മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളുടെയും കണ്ണിലെ കരടാണ് അൽജസീറ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: International english news channel al jazeera to stop broadcast in india