ന്യൂഡൽഹി: ജൂൺ ഒൻപതിന് പുറത്തിറക്കിയ ആഗോള ക്രൂഡ് ഓയിൽ വില അഞ്ച് ഡോളർ വരെ കുറവ് രേഖപ്പെടുത്തി. ഇതോടെ ബാരലിന് 51.67 ഡോളർ ആയിരുന്നത് 46.69 ഡോളറായി മാറി. രൂപ മുൻപത്തേതിനേക്കാൾ ശക്തി പ്രാപിച്ചത് ഇന്ധനവില പൊതുവിപണിയിൽ കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് കരുതുന്നത്.

വിപണിയിൽ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് ഇപ്പോൾ 64.26 ആണ്. മുൻപ് ക്രൂഡ് ഓയിൽ വില കണക്കാക്കിയിരുന്നപ്പോൾ രൂപ 64.48ലായിരുന്നു ഉണ്ടായിരുന്നത്. രൂപ ശക്തിപ്രാപിച്ചതും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതുമാണ് പ്രതീക്ഷ നൽകുന്നത്.

ജൂൺ 16 മുതൽ പെട്രോൾ വില എല്ലാ ദിവസവും പരിഷ്കരിക്കാനുള്ള തീരുമാനമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശത്തോടെ എണ്ണക്കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. ജൂൺ ഒന്നിലെ ഇന്ധന വിലയെ നിർണ്ണയിച്ചിരുന്ന ഘടകങ്ങൾ ഉപഭോക്താക്കൾക്ക് ഗുണകരമാകും വിധമാണ് മാറിയിട്ടുള്ളത്.

ജൂൺ ഒന്നിന് ബാരലിന് 3331.68 രൂപയായിരുന്നു ക്രൂഡ് ഓയിലിന്റെ വില. ഇതിപ്പോൾ 3000.47 ലാണ് എത്തിനിൽക്കുന്നത്. 331.21 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലാണ് ക്രൂഡ് ഓയിലിന്റെ പുതിയ വില പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാഴ്ച കാലത്തേക്കാണ് ക്രൂഡ് ഓയിൽ വില പെട്രോളിയം പ്ലാനിംഗ് സെൽ സാധാരണ പുതുക്കുന്നത്. ജൂൺ 8 ന്റെ വിപണി അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വില പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മെയ് ഒന്ന് മുതൽ രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിൽ പെട്രോൾ വില ദിവസവും പുതുക്കാനുള്ള നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കുന്നത്. പെട്രോൾ വിലയിൽ മാത്രമാണ് പുതിയ മാറ്റമെന്നാണ് റിപ്പോർട്ട്. ഡീസൽ വില ദിവസവും പുതുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

നിലവിൽ ഇന്ത്യയിലെ മൂന്ന് പൊതുമേഖലാ ഇന്ധന വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ മാസത്തിൽ രണ്ട് തവണ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ആഗോള ക്രൂഡ് ഓയിൽ വില പരിഗണിച്ചാണ് ഇത്തരത്തിൽ മാറ്റം വരുത്തുന്നത്.

പോണ്ടിച്ചേരി, വിശാഖപട്ടണം,  ഉദയ്‌പൂർ, ജംഷഡ്‌പൂർ എന്നിവിടങ്ങളിലാണ് നേരത്തേ ഇന്ധന വില പരീക്ഷണാടിസ്ഥാനത്തിൽ ദിവസവും പുതുക്കിയിരുന്നത്. ഇനി മുതൽ ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കി വിപണി വിലയും മാറ്റാൻ കൂടുതൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ