ന്യൂഡല്‍ഹി:പാക്കിസ്ഥാന് തിരിച്ചടി. കുല്‍ഭൂഷൺ ജാദവിന്റെ വധ ശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞു. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ കോടതി നിർദ്ദേശം. പാക് സെെനിക കോടതിയുടെ വിധി പുനപരിശോധിക്കാനും നിർദ്ദേശം. രാജ്യാന്തര നീതിന്യായ കോടതിയിലെ 16 ല്‍ 15 ജഡ്ജിമാരും ഇന്ത്യയ്ക്ക് അനുകൂലം. കുല്‍ഭൂഷൺ ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും കോടതി.

കുല്‍ഭൂഷന്റെ അവകാശങ്ങളെ പാക്കിസ്ഥാന്‍ നിഷേധിച്ചെന്നും ഇന്ത്യ കുല്‍ഭൂഷനുമായി ബന്ധപ്പെടുന്നത് തടഞ്ഞെന്നും കോടതി. ഇതിലൂടെ പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്നും രാജ്യാന്തര നീതിന്യായ കോടതി.ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധി പ്രസ്താവം വായിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു വിധി പ്രഖ്യാപനം.

വിധി ഇന്ത്യയെ സംബന്ധിച്ച് വലിയ വിജയമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.വിധിയെ സ്വാഗതം ചെയ്യുന്നതായി മുന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജും പ്രതികരിച്ചു.

വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ രാജ്യാന്തര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ രാജ്യാന്തര കോടതിയില്‍ വാദിച്ചത്.

2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം മേയ് ആദ്യം വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. മേയ് മാസത്തിൽ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

ജാദവിനെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാക്കിസ്ഥാന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു കുറ്റസമ്മത മൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാക്കിസ്ഥാന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കവെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook