ഇസ്‌ലാമാബാദ്: കശ്മീർ വിഷയത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടുവെന്ന് മന്ത്രി. പാക് വാർത്താ ചാനലായ ഹം ന്യൂസിന്റെ ടോക് ഷോയിൽ പങ്കെടുക്കവേയാണ് പാക്കിസ്ഥാൻ ഇന്റീരിയർ മന്ത്രി ബ്രിഗേഡിയർ ഇജാസ് അഹമ്മദ് ഷാ ഇക്കാര്യം പറഞ്ഞത്.

”രാജ്യാന്തര സമൂഹം ഞങ്ങളെ വിശ്വസിക്കുന്നില്ല. കശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചത് അവരാണെന്നും (ഇന്ത്യ) ജമ്മു കശ്മീരിലെ ജനങ്ങൾക്ക് മരുന്നുകൾ പോലും ലഭ്യമാക്കുന്നില്ലെന്നും ഞങ്ങൾ പറയുന്നു. പക്ഷേ ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ല, അവർ ഇന്ത്യ പറയുന്നതാണ് വിശ്വസിക്കുന്നത്,” ഷാ പറഞ്ഞു. ഭരണകൂടം രാജ്യത്തിന്റെ പേര് നശിപ്പിച്ചു. ഞങ്ങൾ ഉത്തരവാദിത്തമുള്ള രാജ്യമല്ലെന്ന് ജനങ്ങൾ കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ, മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് എന്നിവർ താങ്കൾ പറഞ്ഞ ഭരണവർഗത്തിൽപ്പെടുമോയെന്ന് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി ഇതായിരുന്നു, ”എല്ലാവരും ഉത്തരവാദികളാണ്. പാക്കിസ്ഥാൻ സ്വയം ആത്മപരിശോധന നടത്തണം.”

Read Also: കശ്മീര്‍ ആഭ്യന്തര വിഷയം; പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി

ജമ്മു കശ്മീരിലെ നടപടികൾ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും അവ പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്ക് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ജമ്മു കശ്മീരില്‍ ഇന്ത്യ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തിനും സാധിക്കില്ലെന്നും ഇന്ത്യ കൗണ്‍സിലില്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു വരികയാണെന്നും ഇന്ത്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook