കഴിഞ്ഞ കുറച്ചു മാസങ്ങളായി എലങ്ബാം രഞ്ജിതയുടെ ജീവിതവും മാറിയിട്ടുണ്ട്. മണിപ്പൂര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് കിഷോര്‍ചന്ദ്ര വാങ്കേമിനെ ദേശീയ സുരക്ഷാ നിയപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് നൂറ് ദിവസങ്ങള്‍ തികഞ്ഞു. രഞ്ജിതയ്ക്കാകട്ടെ ഈ നൂറു ദിവസങ്ങള്‍ കൊണ്ട് വ്യക്തി ജീവിതം രാഷ്ട്രീയമായി മാറി.

‘കഴിഞ്ഞ നൂറ് ദിവസങ്ങള്‍ എന്നെ മാറ്റിയിരിക്കുന്നു. സമൂഹത്തില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് ഞാനിപ്പോള്‍ കൂടുതല്‍ ബോധവതിയാണ്. നേരത്തെ കുടുംബവും കുട്ടികളും മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഇപ്പോള്‍ ഞാന്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്. അഭിഭാഷകരോടും മനുഷ്യവകാശ പ്രവര്‍ത്തകരോടും സംസാരിക്കാറുണ്ട്,’ രഞ്ജിത ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഭര്‍ത്താവ് അനുഭവിക്കുന്ന നീതി നിഷേധത്തെ കുറിച്ചും, ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ചും, പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുമൊക്കെയാണ് ഇപ്പോള്‍ രഞ്ജിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍.

തങ്ങളുടെ അഞ്ചും ഒന്നും വയസ് പ്രായമായ രണ്ടു പെണ്‍മക്കളും അവരുടെ ‘പപ്പയെ ഒരുപാട് മിസ്സ് ചെയ്യുന്നു’വെന്ന് രഞ്ജിത പറയുന്നു.
‘ഇളയകുട്ടിക്ക് ഒന്നും ചോദിക്കാനും പറയാനും ആയിട്ടില്ല. പക്ഷെ മുതിര്‍ന്ന ആള്‍ ചോദിക്കും പപ്പ പോയ സ്ഥലത്തു നിന്നും തിരിച്ചു വരാന്‍ ഇനി എത്ര ദിവസം എടുക്കുമെന്ന്,’ രഞ്ജിത പറയുന്നു.

കേബിള്‍ ടിവി ശൃംഖല ഉദ്യോഗസ്ഥനായ വാങ്കെം, 2018 നവംബര്‍ 27നാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിക്കപ്പെട്ട് ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.

തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ആദ്യമായല്ല വാങ്കെം അറസ്റ്റ് ചെയ്യപ്പെടുന്നത്. 2018 ഓഗസ്റ്റിലും വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭരണകൂടത്തിന്റെ സുരക്ഷയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും എന്നു പറഞ്ഞുകൊണ്ടാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook