ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവരുമായി മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീം കോടതി നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഉപരോധ സമരം റോഡിൽ നിന്ന് ഒഴിവാക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനാണ് സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനെയും സുപ്രീം കോടതി നിയോഗിച്ചത്. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ഫെബ്രുവരി 26ന് പരിഗണിക്കും.
സമരക്കാരുമായി നാല് തവണ ചർച്ച നടത്തിയ ശേഷമാണ് സംഘം റിപ്പോർട്ട് സമര്‍പ്പിച്ചത്. ഈ ചർച്ചകളൊന്നും വിജയിച്ചിരുന്നില്ല. ചർച്ച നടത്തേണ്ടത് ഗതാഗത തടസത്തെ കുറിച്ചല്ലെന്നും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചാണെന്നുമാണ് ഷഹീൻബാഗ് സമരക്കാർ മധ്യസ്ഥരോട് ആവർത്തിച്ചത്.
Read Also: സിഎഎ: ഡല്‍ഹിയില്‍ സംഘർഷം; പൊലീസുകാരന് വെടിയേറ്റ് മരിച്ചു
ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും, അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് – നോയ്ഡ പാത തടസപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഷഹീൻബാഗിന് സമാന്തരമായുള്ള പാതകൾ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
നേരത്തെ മധ്യസ്ഥ സംഘത്തിലെ മറ്റൊരു അംഗമായ വജാഹത്ത് ഹബീബുള്ള കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാണ് നടക്കുന്നതെന്നും ഷഹീന് ബാഗിനോട് ചേര്‍ന്ന അഞ്ച് സമാന്തര റോഡുകള്‍ പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നുമായിരുന്നു ഹബീബുള്ളയുടെ റിപ്പോര്‍ട്ട്. രാജ്യത്തിനായി സ്ത്രീകൾ സമരരംഗത്തിറങ്ങിയതിലൂടെ ഒരു മാതൃകയായി മാറിയ ഷഹീൻബാഗ് ആരെയും പ്രയാസപ്പെടുത്താത്ത സമരത്തിന്റെ ഉദാഹരണമായി മാറ്റാമെന്ന് സാധന രാമചന്ദ്രനും പറഞ്ഞിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook