ന്യൂഡല്‍ഹി: പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്) കിസാന്‍ വികാസ് പത്ര (കെ വി പി), ദേശീയ സമ്പാദ്യ പദ്ധതി (എൻ എസ് എസ്) സുകന്യ സമൃദ്ധിയോജന എന്നിവയടക്കമുളള  ചെറുസമ്പാദ്യ പദ്ധതികളുടെ പലിശാനിരക്ക് വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നാളെ (ജൂലൈ ഒന്ന്) മുതൽ ഇത് പ്രാബല്യത്തിൽ​വരും.

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശാ നിരക്കിൽ 0.1 ശതമാനം കുറവാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ ഏറെ ജനപ്രിയമായ ഈ പദ്ധതികളുടെ നിക്ഷേപകർക്ക് ലഭ്യമാകുന്ന പലിശ കുറയും.

പി പി എഫിലെ പലിശ പുതിയ നിരക്ക് പ്രകാരം 7.8 ശതമാനമായി കുറയും. കിസാൻ​വികാസ് പത്രയുടെ പലിശ 7.5ശതമാനമായും കുറയും. പെൺകുട്ടികൾക്കായി നടപ്പിലാക്കിയ നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധിയോജന,മുതിർന്ന പൗരന്മാർക്കായുളള സീനിയർ സിറ്റസൺ സേവിങ്സ് സ്കീം എന്നിവയുടെ പലിശാ നിരക്ക് 8.3ശതമാനമായും കുറയും.

ചെറിയ സമ്പാദ്യ പദ്ധതികളുടെ നിരക്ക് ഓരോ മൂന്നുമാസത്തിലും പുതുക്കുന്നതാണ്. മാര്‍ച്ചിലായിരുന്നു അവസാനത്തെ പുതുക്കൽ പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞതവണ മാര്‍ച്ചില്‍ പലിശാനിരക്ക് കുറച്ചത് ശക്തമായ രാഷ്ട്രീയ തീരുമാനവും ശരിയായ സാമ്പത്തിക നയവുമാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

“സര്‍ക്കാര്‍ തീരുമാനപ്രകാരം ചെറിയ സമ്പാദ്യപദ്ധതികളുടെ നിരക്ക് ത്രൈമാസാടിസ്ഥാനത്തില്‍ പ്രഖ്യാപിക്കണം”. 2017 ഏപ്രില്‍ ഒന്നിനു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ സേവിങ്‌സ് റേറ്റ് ചെറിയ സമ്പാദ്യപദ്ധതികള്‍ക്കായുള്ള ബാങ്കുകളുടെ നിക്ഷേപ നിരക്ക് കുറയ്ക്കും എന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ നിക്ഷേപങ്ങളിൽ ഏറെയും നിക്ഷേപിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണെന്നും അവർക്ക് തിരിച്ചടിയാണ് പലിശ നിരക്ക് കുറയ്ക്കുന്നതെന്നും വിമർശനവും ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ