ഹൈദരാബാദ്: സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായ മകളെ അച്ഛൻ നടുറോഡിലിട്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. മകളുടെ ഭർത്താവിനെ വെട്ടിയശേഷമാണ് മകളെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിൽസയിലാണ്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും മാധവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന മാധവിയുടെ ആരോഗ്യനിലയെക്കുറിച്ച് അടുത്ത 48 മണിക്കൂറുകൾ കഴിഞ്ഞാൽ മാത്രമേ കൃത്യമായ വിവരം അറിയൂ. അതേസമയം, സന്ദീപ് അപകടനില തരണം ചെയ്തിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് 20 കാരിയായ മാധവിയും 21 കാരനായ സന്ദീപും വിവാഹിതരായത്. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാധവി ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയാണ്. സന്ദീപ് ദലിതനാണ്. ഇതാണ് വിവാഹത്തിന് മാധവിയുടെ അച്ഛൻ എതിർക്കാൻ കാരണം. എന്നാൽ വീട്ടുകാരുടെ സമ്മതമില്ലാതെ സെപ്റ്റംബർ 12 ന് മാധവിയും സന്ദീപും വിവാഹിതരായി.
ഇന്നലെ മാധവിയെ ഫോണിൽ വിളിച്ച പിതാവ് തനിക്ക് ഇരുവരെയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും എസ്ആർ നഗറിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. മാധവിയും സന്ദീപും പറഞ്ഞ സ്ഥലത്ത് എത്തി. ബൈക്കിൽ എത്തിയ മാധവിയുടെ പിതാവ് അവരുടെ സമീപത്തായി വാഹനം പാർക്ക് ചെയ്തു. പിന്നീട് ഒരു നിമിഷം പോലും വൈകിപ്പിക്കാതെ അടുത്തേക്ക് എത്തി ബാഗിലുണ്ടായിരുന്ന വടിവാൾ കൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
Read: ദുരഭിമാനക്കൊല: ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ആദ്യം സന്ദീപിനെയാണ് വെട്ടിയത്. സന്ദീപ് താഴെ വീണതും മാധവിയെയും വെട്ടി. മാധവിയുടെ കഴുത്തിലും കൈയ്യിലുമാണ് വെട്ടിയത്. മാധവിയെ വെട്ടുന്നത് അതുവഴി വന്നൊരാൾ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടുപേരെയും വെട്ടി വീഴ്ത്തിയ ശേഷം പിതാവ് അവിടെനിന്നും രക്ഷപ്പെടുകയും ചെയ്തു. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലാണ് ആക്രണണത്തിന്റെ ദൃശ്യം പതിഞ്ഞത്.
Read: ‘പ്രണയ് നൽകിയ സമ്മാനം എന്റെ ഉള്ളിൽ വളരുന്നുണ്ട്; കുഞ്ഞിനെ ജാതിയില്ലാതെ വളർത്തും’
പ്രദേശവാസികളാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മാധവിയുടെ നില അതീവ ഗുരുതരമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മാധവിയുടെ പിതാവിനെ ഇന്നലെ രാത്രിയോടെ ബന്ധു വീട്ടിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തെലങ്കാനയിൽ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാർത്തകൾ വന്നിട്ട് ഒരാഴ്ച പിന്നിടും മുൻപേയാണ് ഇപ്പോഴത്തെ സംഭവം. പ്രണയ് പെരുമല്ലയെ ആണ് ഗർഭിണിയായ ഭാര്യയുടെ മുന്നിൽവച്ച് അക്രമി വെട്ടി കൊലപ്പെടുത്തിയത്.