ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് ജെയ്ഷെ ക്യാംപ് മുസ്‌ലിം പളളിയുടെ മറവിലാണ് പ്രവർത്തിച്ചതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആറ് ഏക്കറോളം വിസ്തൃതിയുളള സ്ഥലത്ത്, 5-6 കെട്ടിടങ്ങളും ഉണ്ടായിരുന്നുവെന്നും ഇവിടെ ഏതാണ്ട് 600 പേർക്ക് താമസ സൗകര്യം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ 2002 ൽ നടന്ന ഗോധ്ര കലാപത്തിന്റെയും ഐസി 814 ഹൈജാക്കിങിന്റെയും വീഡിയോ പ്രദർശിപ്പിച്ച് അനുയായികളെ അതിതീവ്ര നിലപാടുകാരാക്കുന്നതിനുളള ശ്രമങ്ങളാണ് ഇവിടെ നടന്നിരുന്നത്.

പരിശീലനത്തിന് ശേഷം ഇവരെ നാല് വഴികളിലൂടെ ജമ്മു കശ്മീരിലേക്ക് അയക്കും. ബാലാകോട്ടിൽ നിന്ന് കെൽ വഴി ദുത്‌നിയാലിലേക്കുളളതാണ് ആദ്യ വഴി. കെല്ലിൽ നിന്നും കൈന്തവാലിയിലേക്കുളളതാണ് രണ്ടാമത്തെ വഴി. കെല്ലിൽ നിന്നും ലോലാബ് ജില്ലയിലേക്കാണ് മൂന്നാമത്തെ വഴി. കെല്ലിൽ നിന്നും കചമ ക്രൽപോരയിലേക്കാണ് നാലാമത്തെ വഴി. എല്ലാ വഴികളും ജമ്മു കശ്മീരിലെ കുപ്‌വാരയിലെത്തുന്നതാണ്.

ഈ ക്യാംപിൽ വിവിധ തരം കോഴ്സുകളാണ് തീവ്രവാദികൾക്ക് വേണ്ടി നടത്തിവന്നിരുന്നത്. മൂന്ന് മാസത്തെ കോംബാറ്റ് കോഴ്സ് ദോര-ഇ-ഖാസ് എന്നാണ് അറിയപ്പെടുന്നത്. അഡ്വാൻസ്‌ഡ് ആംഡ് ട്രെയിനിങ് കോഴ്സ് (സായുധ പരിശീലനം) ദോം അൽ റാദ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് പുറമെ റിഫ്രഷർ ട്രെയിനിങ് പ്രോഗ്രാമും ഉണ്ട്.

എകെ 47, മെഷീൻ ഗൺ, എൽഎംജി, റോക്കറ്റ് ലോഞ്ചർ, അണ്ടർ ബാരൽ ഗ്രനേഡ്, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനുളള പരിശീലനമാണ് ഇവിടെ നൽകി വന്നിരുന്നത്. ഇതിന് പുറമെ, വനത്തിൽ ജീവൻ നിലനിർത്തുന്നത്, ജിപിഎസും മാപ് റീഡിങ്ങും ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നത് തുടങ്ങിയ പരിശീലനങ്ങളും നൽകും. ഹിസ്ബുൾ മുജാഹിദീനാണ് മുൻപ് ഈ ക്യാംപ് ഉപയോഗിച്ചിരുന്നതെന്നും പിന്നീട് ജെയ്ഷെ മുഹമ്മദ് ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook