/indian-express-malayalam/media/media_files/uploads/2023/04/Satyapal-Malik.jpg)
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) നോട്ടീസ്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചില കാര്യങ്ങളില്‍ വ്യക്തതയാവശ്യപ്പെട്ടുകൊണ്ട് സിബിഐ അക്ബര്‍ റോഡ് ഗസ്റ്റഹൗസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സത്യപാല്‍ മാലിക് പ്രതികരിച്ചു. ഞാന്‍ രാജസ്ഥാനിലേക്ക് പോവുകയാണ്, ഏപ്രില്‍ 27 മുതല്‍ 29 വരയുള്ള ദിവസങ്ങളില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബറിൽ, ആർഎസ്എസ് (രാഷ്ട്രീയ സ്വയം സേവക്) നേതാവുമായി ബന്ധപ്പെട്ട ഫയലുകൾ ഉൾപ്പെടെ രണ്ട് ഫയലുകൾ ക്ലിയർ ചെയ്യാൻ തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായി മാലിക് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്യുകയും 14 സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.
അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ആർജിഐസി), ചെനാബ് വാലി പവർ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (സിവിപിപിഎൽ) ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പിന്നാലെ കേസെടുക്കുകയും ചെയ്തിരുന്നു.
താൻ ജമ്മു കശ്മീർ ഗവർണറായിരിക്കുമ്പോൾ രണ്ട് ഫയലുകൾ ലഭിച്ചിരുന്നതായും ഒന്ന് "അംബാനി" യുടെയും മറ്റൊന്ന് ഒരു "ആർഎസ്എസ് പ്രവർത്തകന്റെയും" ഫയലുകൾ ആയിരുന്നുവെന്നും മാലിക് വെളിപ്പെടുത്തി. “ഇത് ശരിയായ ഇടപാടുകളല്ലെന്നാണ് ഒരു സെക്രട്ടറി എന്നോട് പറഞ്ഞത്, പക്ഷെ ഒരു ഫയലിന് 150 കോടി രൂപ വച്ച് ലഭിക്കുമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എന്നോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു,” മാലിക് പറഞ്ഞു.
എന്നാല്‍ എന്ത് ഫയലുകളായിരുന്നു രണ്ടുമെന്ന് സത്യപാല്‍ വെളിപ്പെടുത്തിയില്ല. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്ക് മോദി സര്‍ക്കാരിനെതിരെ അടുത്തിടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നടപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.