ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപനമായ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് പ്രവർത്തനം തുടങ്ങും മുൻപേ ശ്രേഷ്ഠപദവി ലഭിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസ് നിബന്ധനകളിൽ വെളളം ചേർത്തതിനാലെന്ന് വ്യക്തമായി. ഇക്കാര്യത്തിൽ മാനവ വിഭവശേഷി മന്ത്രാലയം സ്വീകരിച്ച നിലപാട് മയപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുളള ഔദ്യോഗിക രേഖകളിൽ നിന്ന് വ്യക്തമായി.

സംഭവം വിവാദമായപ്പോൾ തന്നെ കേന്ദ്രസർക്കാരിന്റെ പക്ഷപാതപരമായ സമീപനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ശ്രേഷ്ഠപദവി നൽകേണ്ട സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത് വിദഗ്ദ്ധ സമിതിയായിരുന്നുവെന്നും അതിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്നുമാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ മറുപടി പറഞ്ഞത്.

എന്നാൽ ഈ വിഷയത്തിൽ മാനവവിഭവ ശേഷി മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിൽ ഭിന്നാഭിപ്രായമായിരുന്നുവെന്ന് രേഖകളിൽ നിന്ന് വ്യക്തമായി. സ്വയംഭരണം, സാമ്പത്തികം, അക്കാദമിക് എന്നീ കാര്യങ്ങളിൽ സർക്കാരിന് അകത്ത് തന്നെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

ഉത്തരവാദിത്തം, സാമ്പത്തിക പ്രതിബദ്ധത, പിഴ, ഭൂമി, വൈദഗ്ദ്ധ്യം എന്നിവയിലെല്ലാം മാനവ വിഭവശേഷി മന്ത്രാലയം കണിശമായ നിലപാട് സ്വീകരിച്ചപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരെ വിപരീതമായ നിലപാടാണ് ഉണ്ടായത്.  ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് സഹായകരമാകും വിധം എല്ലാ നിബന്ധനകളും പ്രധാനമന്ത്രിയുടെ ഓഫീസ് മയപ്പെടുത്താൻ നിർദ്ദേശിച്ചു.

ശ്രേഷ്ഠപദവിയുമായി ബന്ധപ്പെട്ട ആശയ കുറിപ്പും കരട് നിബന്ധനകളും 2015 ഡിസംബർ മുതൽ 2016 സെപ്റ്റംബർ വരെയുളള നീണ്ട ഒൻപത് മാസക്കാലം ഇരു മന്ത്രാലയങ്ങൾക്കും ഇടയിൽ വെട്ടിയും തിരുത്തിയും സഞ്ചരിച്ചു.  മിക്കവാറും എല്ലാ നിബന്ധനകളും മയപ്പെടുത്തുന്നതിൽ ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിജയിച്ചു. മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook