ന്യൂഡല്‍ഹി: മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ പരിഗണിക്കുന്ന കരട് ബില്‍ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുളള നിയമസംഘമാണ് ബില്‍ തയ്യാറാക്കിയത്.

കരട് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ലഭിച്ചതിന് ശേഷം മന്ത്രിസഭയ്ക്ക് മുമ്പില്‍ വെക്കും.
കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത്‌ ക്രിമിനല്‍ കുറ്റമാണ്. ഒറ്റ തവണ കൊണ്ട് തീര്‍പ്പാക്കുന്ന തളാഖുകള്‍ക്കാണ് ഇത് ബാധകമാകുക.

മുത്തലാഖിന് വിധേയയാവുന്ന സ്ത്രീക്ക് മജിസ്ട്രേറ്റിനെ സമീപിച്ച് തനിക്കും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം. കുട്ടിയുടെ കസ്റ്റഡി തനിക്ക് വിട്ടുതരാനും മാതാവിന് ആവശ്യപ്പെടാം. പ്രശ്നത്തില്‍ മജിസ്ട്രേറ്റ് ആയിരിക്കും അന്തിമവധി തീരുമാനിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ