ബഹാമസിലെ എക്സ്യൂമസ് ദ്വീപിൽ അവധി ആഘോഷിക്കാൻ ബോയ്ഫ്രണ്ടിനും അയാളുടെ കുടുംബത്തിനും ഒപ്പം എത്തിയതായിരുന്നു 19 കാരിയായ കാതറീന സരുറ്റ്സ്കി. ഇൻസ്റ്റഗ്രാം മോഡലും യൂണിവേഴ്സിറ്റ് ഓഫ് മിയാമിയിലെ വിദ്യാർത്ഥിയുമാണ് കത്രീന.

ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് നഴ്സ് സ്രാവുകൾക്കൊപ്പം നീന്തൽക്കുളത്തിൽ നീന്തുന്നത്. അവിടെയുളള നീന്തൽക്കുളത്തിൽ നഴ്സ് സ്രാവുകൾക്കൊപ്പം വിനോദ സഞ്ചാരികൾ നീന്തുന്നത് കാതറീനയും കണ്ടു. അപ്പോഴാണ് മനസ്സിൽ ഒരാശയം ഉദിച്ചത്. നഴ്സ് സ്രാവുകൾക്കൊപ്പം ഒരു ഫോട്ടോഷൂട്ട്. പൊതുവേ ശാന്തരായ നഴ്സ് സ്രാവുകൾക്കൊപ്പം നീന്തുന്നതും അവയുമായി ഇടപെടുന്നതും അപകടമല്ല. ഇത് കാതറിന് അറിയാമായിരുന്നു. ഈ ധൈര്യത്തിലാണ് കത്രീന നീന്തൽക്കുളത്തിൽ ഇറങ്ങി സ്രാവുകൾക്കൊപ്പം ഫോട്ടോഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. ബോയ്ഫ്രണ്ടിന്റെ അച്ഛനാണ് ചിത്രങ്ങൾ പകർത്തിയത്.

ഫോട്ടോഷൂട്ടിനിടയിൽ ഒരു സ്രാവ് കാതറീനയുടെ കൈയ്യിൽ കടിച്ചു വെളളത്തിലേക്ക് താഴ്ത്തി. ഏതാനും നിമിഷങ്ങൾക്കിടയിൽ കാതറീന സ്രാവിന്റെ വായിൽനിന്നും കൈ വലിച്ചെടുത്തു. കൈയ്യിൽനിന്നുളള രക്തം വെളളത്തിൽ പടർന്ന് മറ്റു സ്രാവുകളെ ആകർഷിക്കുന്നതിനു മുൻപേ നീന്തി കരയ്ക്കു കയറി.

കാതറിനെ അവിടുത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി. വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് ഫ്ലോറിഡയിലേക്ക് കൊണ്ടുപോയി. അതേസമയം, അപകടത്തിൽനിന്നും രക്ഷപ്പെട്ട കാതറീന തനിക്കിനിയും നഴ്സ് സ്രാവുകളുമായി ഇടപെടുന്നതിൽ പേടിയില്ലെന്ന് പറഞ്ഞു.

തനിക്കുണ്ടായ അപകടം ഓർത്ത് ആരും അവിടേക്ക് പോകാതിരിക്കരുതെന്നും നഴ്സ് സ്രാവുകൾക്കൊപ്പം നീന്തുന്നത് പുത്തൻ അനുഭവമാണെന്നും അതവിടെ പോയി തന്നെ അനുഭവിക്കേണ്ടതാണെന്നും കാതറീന പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook