/indian-express-malayalam/media/media_files/2025/11/06/rahul-gandhi-2025-11-06-16-00-21.jpg)
ചിത്രം: എക്സ്
പട്ന: മൊബൈൽ ഡാറ്റയ്ക്ക് വില കുറഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ഡാറ്റ വിലക്കുറവിൽ നൽകുന്നതിലൂടെ യുവാക്കൾക്ക് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീലു കാണാനേ അവസരം ഉണ്ടാക്കൂ എന്നും, തൊഴിൽ നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഇൻസ്റ്റാഗ്രാം റീലുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലഹരിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റീൽസ് സ്ക്രോൾ ചെയ്യുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാത്രമേ സഹായിക്കൂ എന്നും രാഹുൽ ചൂണ്ടികാട്ടി. റീൽസ് കാണുന്നതിലൂടെയും ചിത്രീകരിക്കുന്നതിലൂടെയും പണം ലഭിക്കില്ലെന്ന കാര്യം നരേന്ദ്ര മോദി നിങ്ങളോട് പറയുന്നില്ലെന്നും, നേട്ടം ഉണ്ടാക്കുന്നത് ജിയോയും അംബാനിയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'മോദിയാണ് ജനങ്ങളെ ഇതിനെല്ലാം അഡക്റ്റ് ആക്കിയത്. മുമ്പ് ആളുകൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുമായിരുന്നു. ഇന്ന് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അതേ ഫലം നൽകുകയാണ്. ഇന്ന് യുവാക്കൾ 24 മണിക്കൂറും റീൽ കാണുകയും പരസ്പരം ഷെയർ ചെയ്യുകയുമാണ്. എന്നാൽ അതു നിങ്ങളുടെ പോക്കറ്റ് നിറയ്ക്കുന്നുണ്ടോ' ബിഹാറിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
മൊബൈല്‍ ഡാറ്റ ഇപ്പോള്‍ എല്ലാവർക്കും ലഭ്യമാണെന്നും ഒരു കപ്പ് ചായയേക്കാള്‍ വില കുറവാണെന്നും ലോക്‌സഭയിൽ അടക്കം നിരവധി വേദികളിൽ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു ജിബി ഡാറ്റയ്ക്ക് 269 രൂപ വരെ വിലയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് വെറും 15 രൂപയ്ക്ക് ലഭ്യമാണെന്നും അടുത്തിടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഒരു കപ്പ് ചായയേക്കാൾ വില കുറവാണ് ഒരു ജിബി ഡാറ്റയ്ക്കെന്നും ചെറിയ ചെലവിൽ വലിയ കണക്ഷൻ- അതാണ് മോദി സർക്കാരിന്റെ ഡിജിറ്റൽ വിപ്ലവമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More:ബീഹാർ വിധിയെഴുതുന്നു; ഒന്നാം ഘട്ടത്തിൽ കനത്ത പോളിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us