ചണ്ഡിഗഢ്: പീഡനക്കേസിൽ അറസ്റ്റിലായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗ് ജയിലില്‍ തോട്ടപ്പണി ചെയ്യും. മറ്റ് ജയില്‍പുളളികള്‍ക്കൊപ്പം ചെടി നനച്ചും വളമിട്ടും കള പറിച്ചും റാം റഹീമിന് കിട്ടുക പ്രതിദിനം 40 രൂപയാണ്. രണ്ട് കമ്പിളിപ്പുതപ്പുകളും കോട്ടൺ കിടക്കയും ആണ് ഗുര്‍മീതിന് സെല്ലില്‍ ഒരുക്കിയിട്ടുളളത്. ജയിലിലെ കുടിവെള്ളത്തിന് പകരം കാന്റീനിൽ നിന്നും മിനറൽ വാട്ടർ വാങ്ങിയാണ് ഗുർമീത് കുടിക്കുന്നത്.

50കാരനായ ആള്‍ദൈവം രാത്രി മുഴുവന്‍ ജയിലിലെ സെല്ലിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് പതിവ്. ആരോടും സംസാരിക്കാനും അദ്ദേഹം തയാറാവുന്നില്ല. ആശ്രമത്തിലെ ശിഷ്യയെ ബലാത്സംഗം ചെയ്ത കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെത്തി​യതോടെയാണ് ദേ​ര സ​ച്ചാ സൗ​ദാ തലവനെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ശിക്ഷിച്ചത്. രണ്ട് ബലാത്സംഗ കേസുകളിലായി പത്ത് വര്‍ഷം വീതം ആകെ 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഗു​ർ​മീ​തിന് വിധിച്ചത്. കൂടാതെ ഗുര്‍മീത് 30 ലക്ഷം രൂപ പിഴയായി അടക്കണമെന്നും കോടതി നിര്‍ദേശിച്ചു. 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കണം.

ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ചതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ കലാപം ആളിക്കത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 പേരാണ് കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook