പുണെ: പുണെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തേക്ക് കറന്‍സി നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഉപ്പുമാവിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് 1.3 കോടിരൂപയുടെ കറന്സിനോട്ട് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
നിഷാന്ത് വിജയ്, ഹര്‍ഷ രംഗാളിനി എന്നീ യാത്രക്കാരില്‍ നിന്നായിരുന്നു കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്. ഉപ്പുമാവ് സൂക്ഷിച്ചിരുന്ന പാത്രത്തിന് ഭാരം കൂടുതലുള്ളതിനാലാണ് സംശയം തോന്നി പരിശോധിച്ചത്.
രേഖകള്‍ പരിശോധിച്ചപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് കറന്‍സി കടത്ത് പിടികൂടാന്‍ വഴിതെളിച്ചത്. പിന്നീട് ഇയാളെ തിരിച്ചു വിളിച്ച് വീണ്ടും പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോളില്‍ നോട്ടുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തി. രണ്ടു പേരെയും അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നും ഇവര്‍ കുറ്റം സമ്മതിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.