ന്യൂഡല്‍ഹി: കൊറോണ വൈറസായ ഒമിക്രോണിന്റെ ഉപവകഭേദം ബിഎ.5ന്റെ ആദ്യ കേസ് തെലങ്കാനയില്‍ സ്ഥിരീകരിച്ചു. വിദേശയാത്ര ചെയ്യാത്ത എണ്‍പതുകാരനിലാണ് വൈറസ് കണ്ടെത്തിയത്.
ജനിതക ശ്രേണീകരണ കണ്‍സോര്‍ഷ്യമായ ഇന്ത്യന്‍ സാര്‍സ്-കോവ്-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സില്‍ (ഇന്‍സകോഗ്) നടത്തിയ പരിശോധനയിലാണ് ബിഎ.5 കേസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച വയോധികന് കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ പൂര്‍ണ ഡോസുകളും സ്വീകരിച്ചയാളാണ്. ഇദ്ദേഹത്തിനു നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
മറ്റൊരു ഉപവകഭേദമായ ബിഎ.4ന്റെ രണ്ടു കേസുകളും കണ്‍സോര്‍ഷ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊന്ന് ഹൈദരാബാദിലും മറ്റൊന്നു തമിഴ്നാട്ടിലുമാണ്. ഹൈദരാബാദിലെ കേസ് ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരനാണ്. വിമാനത്താവളത്തില്‍നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. വിദേശയാത്ര ചെയ്യാത്ത പത്തൊമ്പതുകാരിയിലാണ് തമിഴ്നാട്ടില്‍ വെറസ് കണ്ടെത്തിയത്. യുവതി കുത്തിവയ്പിന്റെ പൂര്‍ണ ഡോസുകളും സ്വീകരിച്ചിരുന്നുവെന്നും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും ഇന്‍സകോഗ് അറിയിച്ചു.
ഒമിക്റോണിന്റെ ബിഎ.4, ബിഎ.5 ഉപവകഭേദങ്ങളാണു ദക്ഷിണാഫ്രിക്കയില്‍ കോവിഡ് അഞ്ചാം തരംഗത്തിലേക്കു നയിച്ചത്. പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഈ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ബിഎ.4, ബിഎ.5 ഉപവകഭേങ്ങളെ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ‘ആശങ്കയുടെ വകഭേദങ്ങള്‍’ ആയി പ്രഖ്യാപിച്ചിരുന്നു. ഒമിക്റോണിന്റെ ഉപ വകഭേദമായതിനാല്‍, ലോകാരോഗ്യ സംഘടനയും ഇവയെ ‘ആശങ്കയുടെ വകഭേദങ്ങള്‍’ ആയി കണക്കാക്കുന്നു.
Also Read: കോവിഡ്: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് പൗരന്മാരുടെ യാത്ര വിലക്കി സൗദി അറേബ്യ
ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ അഞ്ചാം തരംഗത്തിനു കാരണമായെങ്കിലും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണമോ മരണസംഖ്യയോ വര്‍ധിപ്പിച്ചില്ല. വാക്സിനേഷന് സ്വീകരിച്ചവരുടെ ഉയര്‍ന്ന സംഖ്യ, മുന്‍കാലത്ത് രോഗം ബാധിച്ചതുവഴിയുള്ള ഹൈബ്രിഡ് പ്രതിരോധശേഷി എന്നിവ കാരണം ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ മൂലം ഇന്ത്യയിലും മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
”ഇരു ഉപ വകഭേദങ്ങളുടെയം കാര്യത്തില്‍ മറ്റുരാജ്യങ്ങളില്‍നിന്ന് നമുക്ക് നാല് മാസത്തെ അനുഭവമുണ്ട്. എന്നാല്‍, ഈ വകഭേദങ്ങളുമായി ബന്ധപ്പെട്ട് രോഗതീവ്രത, ആശുപത്രി കേസുകളിലും മരണസംഖ്യയിലും വര്‍ധന എന്നിവയുണ്ടായിട്ടില്ല. ഇന്ത്യയിലും ഇത് സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തിന് അണുബാധയുണ്ടായിട്ടുണ്ട്. കുത്തിവയ്പും എടുത്തിട്ടുണ്ട്,”എന്നാണ് ഇന്‍സകോഗ് മേധാവി ഡോ. സുധാന്‍ശു വ്രതി നേരത്തെ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.