മുംബൈ: സമുദ്രത്തിലെ ഇന്ത്യയുടെ പോർമുഖത്തിന് ഇനി വിശ്രമം. ഇന്ത്യൻ നാവികസേനയുടെ അഭിമാനമായിരുന്ന ഐഎൻഎസ് വിരാട് ഇന്ന് ഡീക്കമ്മീഷൻ ചെയ്യും. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പഴക്കം ചെന്ന വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിരാട്. 30 വർഷമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന ഐഎൻഎസ് വിരാട്, ആവി എന്‍ജിനില്‍ പ്രവര്‍ത്തിയ്ക്കുന്ന ലോകത്തെ ഏക വിമാനവാഹിനി കപ്പല്‍ കൂടിയാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് ഇന്ത്യയുടെ പതാക താഴ്‌ത്തി കപ്പൽ ഡീക്കമ്മീഷൻ ചെയ്യുക.

INS Virat, ins viraat

ഐഎൻഎസ് വിരാട് വാങ്ങാനായി നാല് മാസത്തിനുളളിൽ ആരും മുന്നോട്ട് വന്നില്ലെങ്കിൽ ഗുജറാത്തിലെ അലാങ്ങിൽ കപ്പൽ പൊളിച്ചു വിൽക്കാനാണ് പദ്ധതിയെന്ന് നാവികസേന മേധാവി സുനിൽ ലമ്പ എൻഡിടിവിയോട് പറഞ്ഞു. കപ്പൽ കടലിൽ തന്നെ മുക്കി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് സുനിൽ ലമ്പ കൂട്ടിച്ചേർത്തു. കപ്പൽ മ്യൂസിയമാക്കാൻ മുൻപ് ആന്ധ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കപ്പൽ മ്യൂസിയമാക്കാൻ ഏകദേശം ആയിരം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതിനാൽ ഇതിനുളള സാധ്യത കുറവാണ്.

57 വര്‍ഷമായി നാവികസേനയുടെ ഭാഗമായിരുന്ന ഐഎൻഎസ് വിരാട് 1959ല്‍ ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായാണ് നീറ്റിലിറങ്ങിയത്. എച്ച്എംഎസ് ഹെർമിസ് എന്ന പേരിലാണ് ആദ്യം കമ്മീഷന്‍ ചെയ്തത്. 27 വർഷത്തെ സേവനത്തിനു ശേഷം ഹെർമിസിന്റെ സേവനം മതിയാക്കാൻ ബ്രിട്ടീഷ് റോയൽ നാവികസേന തീരുമാനിച്ചു. പിന്നീട് ഒരു വർഷത്തെ അറ്റകുറ്റപ്പണിക്കുശേഷം, 1987 മേയ് 12ന് ഇന്ത്യ ഇത് സ്വന്തമാക്കുകയായിരുന്നു.

ഐഎൻഎസ് വിരാടിന്റെ ചിത്രങ്ങൾ കാണാം

INS Virat, ins viraat

ഐഎൻഎസ് വിരാട് 2015ൽ കൊച്ചിയിൽ എത്തിയപ്പോൾ. ചിത്രം: കിരൺ ഗംഗാധരൻ

ഇന്ത്യയുടെ പ്രധാനപ്പെട്ട പല ദൗത്യങ്ങളിലും പങ്കാളിയായ വിരാട് കഴിഞ്ഞ 30 വർഷംകൊണ്ട് 5,88,287 നോട്ടിക്കൽ മൈലാണ് (10,94,215 കിലോമീറ്റർ) സഞ്ചരിച്ചത്. 227 മീറ്റര്‍ നീളമുള്ള വിരാടില്‍ 1500 പേരെ താമസിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഏറ്റവുമധികകാലം ഉപയോഗത്തിലിരുന്ന യുദ്ധക്കപ്പല്‍ എന്ന റെക്കോര്‍ഡും ഐഎന്‍എസ് വിരാടിന് മാത്രം സ്വന്തം. ആറു ദശാബ്‌ദത്തോളം നീണ്ട സേവനത്തിന് ശേഷമാണ് ഇന്ത്യയുടെ യശസ്സുയർത്തിയ വിരാട് വിടവാങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ