കൊല്‍ക്കത്ത: പൊലീസ് സ്റ്റേഷനില്‍ വച്ച് യൂണിഫോമില്‍ ഡാന്‍സ് കളിച്ച സബ് ഇന്സ്പ്കെടര്ക്കെതിരേയും വിഡിയോ പകര്‍ത്തിയ പൊലീസുകാരനെതിരേയും അന്വേഷണം പ്രഖ്യാപിച്ചു. ഞായറാഴ്ച വിഡിയോ വൈറലായതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടത്. കൊല്‍ക്കത്തയില്‍ ഹിരാപൂര്‍ പൊലീസ് സ്റ്റേഷനിലെ കൃഷ്ണസദന്‍ മൊണ്ടല്‍ എന്ന എസ്ഐ ആണ് നൃത്തം ചെയ്തത്.
ചിത്രരഞ്ജന്‍ പൊലീസ് സ്റ്റേഷനിലേക്കുളള തന്റെ ട്രാന്‍സ്ഫര്‍ ആഘോഷിക്കാനാണ് പൊലീസുകാരന് നൃത്തം ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീന വ്യക്തമാക്കി.
പോക്കറ്റില്‍ സര്‍വീസ് തോക്കും വച്ചുകൊണ്ടായിരുന്നു ഡാന്‍സ് നടന്നത്. ബോളിവുഡ് ഗാനമായ ‘തുകുര്‍ തുകുര്‍ ദേക്തെ ഹോ’ എന്ന ഗാനത്തിനാണ് പൊലീസുകാരന് ചുവടുവെച്ചത്. സഹപ്രവര്ത്തകന് നിര്‍ബന്ധിച്ചത് കൊണ്ടാണ് ഡാന്‍സ് ചെയ്തതെന്നാണ് എസ്ഐയുടെ വിശദീകരണം. ഡാന്‍സ് കളിക്കുമ്പോള്‍ ചിരിച്ചും കൈകൊട്ടിയും എസ്ഐയെ പ്രോത്സാഹിപ്പിക്കുന്ന വനിതാ പൊലീസുകാരികളേയും അടുത്ത് കാണാം.