ബെംഗളൂരു: ടിക് ടോക് വീഡിയോ പകര്‍ത്താനുളള ശ്രമത്തിനിടെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. 22കാരനായ കുമാരസ്വാമിയാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ടിക് ടോക്കില്‍ അപ്‌ലേഡ് ചെയ്യാന്‍ വേണ്ടി വീഡിയോ പകര്‍ത്തുന്നതിനിടെ വീണ് കുമാരസ്വാമിയുടെ നട്ടെല്ലിനാണ് പരുക്കേറ്റത്.
ബാക്ഫ്ലിപ് ചെയ്യുന്നതിനിടെ വീണ് പരുക്കേറ്റ കുമാരസ്വാമി എട്ട് ദിവസം വിക്ടോറിയ ആശുപത്രിയില്‍ കഴിഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബാക്ഫ്ലിപ്പ് ചെയ്യുന്നതിനിടെ നില തെറ്റി വീണ കുമാരസ്വാമിയുടെ നട്ടെല്ലിന് സാരമായ പരുക്ക് പറ്റുകയായിരുന്നു.
ജൂണ്‍ 15ന് ഒരു സ്കൂളിലെ മൈതാനത്തായിരുന്നു കുമാരസ്വാമി സ്റ്റണ്ട് ചെയ്തത്. സുഹൃത്തുക്കളായിരുന്നു ടിക്ടോക്കില്‍ അപ്‌ലോഡ് ചെയ്യാനായി വീഡിയോ പകര്‍ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.