ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാം നമ്പര്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും മാനേജിംഗ് ഡയറക്ടറായും സലീല്‍ എസ് പരേഖിനെ നിയമിക്കും. കണ്‍സള്‍ട്ടന്‍സി കമ്പനിയായ കാപ്ഗെമിനിയില് എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്ന സലീല്‍ അഞ്ച് വര്‍ഷത്തെ കാലയളവിലേക്കാണ് ഇന്‍ഫോസിസിനെ നയിക്കാന്‍ എത്തുന്നത്.
കോണല്‍ സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സിലും മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ബിരുധമുളളയാളാണ് സലീല്‍ പരേഖ്. പദവികളില്‍നിന്നു വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ നിയമിച്ചത്. ഇന്‍ഫോസിസിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് പരേഖിനെ സിഇഒ ആയി നിയമിക്കാന്‍ തീരുമാനിച്ചത്. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്ന് സിക്ക കത്തില്‍ പറഞ്ഞിരുന്നത്.
ഇന്‍ഫോസിസിന്റെ ഓഹരികളില്‍ വലിയ ഇടിവുണ്ടായതിനു പിന്നാലെയായിരുന്നു സിക്കയുടെ രാജി. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണമൂർത്തി കുറച്ചുകാലങ്ങളായി സിക്കയുടെ പ്രവർത്തനങ്ങൾക്കെതിരേ വിമർശനശരങ്ങൾ വർഷിച്ചിരുന്നു. ഇതാണ് സിക്കയുടെ രാജിക്കു കാരണമെന്ന് ഇൻഫോസിസ് പിന്നീട് വാർത്താക്കുറിപ്പിൽ അറിയിച്ചു.