പൂനെ: ഇൻഫോസിസിന്റെ പൂനെ ഓഫീസിനുള്ളിൽ മലയാളിയായ രസീല രാജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു നേരെ ആക്രമണം. കോടതിക്ക് പുറത്ത് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവർത്തകരാണ് പ്രതിയായ സൈക്കിയയെ ആക്രമിച്ചത്.
ദുപ്പട്ട കൊണ്ട് മുഖം മറച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രതിക്ക് നേരെ ‘കൊലപാതകി’ എന്ന് ആക്രോഷിച്ച് പാഞ്ഞെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മുഖത്തും ദേഹത്തും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രതിയെ സ്ഥലത്ത് നിന്നും മാറ്റി.
കഴിഞ്ഞയാഴ്ചയാണ് ഐടി കമ്പനി ജീവനക്കാരിയായ രസീല രാജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയായ സൈകിയയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.
പുണെ ഹിന്‍ജേവാഡി ഐടി പാര്‍ക്കില്‍ ഫെയ്‌സ് രണ്ടിലെ ഇന്‍ഫോസിസ് കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലാണ് രസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ദിനത്തിലാണ് രസീല കൊല്ലപ്പെട്ടത് എന്നത് ദുരൂഹത കൂട്ടുന്നു. ബന്ധുവായ അഞ്ജലിയുമായാണ് രസീല ഒടുവില്‍ സംസാരിച്ചത്.
ആരോ വരുന്നുണ്ട്, ഞാന്‍ തിരിച്ചുവിളിക്കാം എന്നായിരുന്നു രസീല അഞ്ജലിയോട് അവസാനമായി പറഞ്ഞത്. ഇതിനുശേഷം രസീല വിളിച്ചില്ല. ഈ സംഭാഷണത്തിന് പിന്നാലെ രസീല കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നതെന്നും രസീല രാജുവിന്റെ സഹോദരനും അമ്മാവനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.