ബെംഗളൂരു: കൊറോണ വൈറസ് പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇന്‍ഫോസിസ് ജീവനക്കാരന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദിനെയാണ് (25) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് മുജീബ് കുറിപ്പിട്ടത്.

‘കൈകോര്‍ക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടര്‍ത്താം’ എന്നായിരുന്നു മുജീബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

“ആളുകൾ പുറത്തുപോയി തുമ്മുകയും വൈറസ് പടർത്തുകയും ചെയ്യണമെന്ന് പറഞ്ഞ് ഈ പോസ്റ്റ് ഇട്ട വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയാളുടെ പേര് മുജീബ്, അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” സിസിബി ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

Read More: നിപ്പയെ ചെറുത്ത അനുഭവം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ഞങ്ങളെ സഹായിച്ചു: മുഖ്യമന്ത്രി

സംഭവത്തെ തുടര്‍ന്ന് മുജീബിനെ ഇന്‍ഫോസിസിൽ നിന്ന് പുറത്താക്കി. മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇന്‍ഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇന്‍ഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.

ഈ മാസം ആദ്യം ഒരു ജീവനക്കാരന് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ഇൻഫോസിസ് ഒരു കെട്ടിടത്തിലെ തങ്ങളുടെ മുഴുവൻ ജീവനക്കാരേയും ഒഴിപ്പിച്ചിരുന്നു.

കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന തരത്തില്‍ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസില്‍ നാഗ്പുരില്‍ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. അമിത് പ്രാഥ്വി, ജയ് ഗുപ്ത, ദിവ്യാന്‍ഷു മിശ്ര എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ നഗരത്തിലെ ക്ലബ് ഉടമയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 24 നാണ് ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നാഗ്പുരില്‍ മാത്രം 59 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇവ ജനങ്ങളില്‍ ഭീതി പരത്തുന്നതായിരുന്നെന്ന് പോലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook