ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ലയെ മോചിപ്പിക്കുകയാണെങ്കില്‍ അടുത്തയാഴ്ചയോടെ അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടും ജമ്മുകശ്മീര്‍ ഭരണകൂടത്തോടും സുപ്രീം കോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഒമര്‍ അബ്ദുല്ല തടങ്കലിലാണ്.
ഒമറിന്റെ കസ്റ്റഡിക്കെതിരെ സഹോദരി സാറ അബ്‌ദുല്ല പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി ഇടപെടല്‍. ഒമര്‍ അബ്‌ദുല്ലയെ ഉടന്‍ മോചിപ്പിക്കുന്നില്ലെങ്കില്‍, ഹര്‍ജി അതിന്റെ പ്രാധാന്യത്തിന് അനുസരിച്ച് കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം.ആര്‍.ഷായും ഉള്‍പ്പെട്ട ബഞ്ച് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനോട് വ്യക്തമാക്കി.
”നിങ്ങള്‍ അദ്ദേഹത്തെ വിട്ടയയ്ക്കുന്നുണ്ടെങ്കില്‍, ഉടന്‍ വിട്ടയയ്ക്കുക. അല്ലെങ്കില്‍ വിഷയം പ്രധാന്യത്തിന് അനുസരിച്ച് ഞങ്ങള്‍ കേള്‍ക്കും,” ബഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കോടതിയില്‍ വാദിക്കുന്നുണ്ടെന്ന് കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞതിനെത്തുടര്‍ന്നാണു കോടതിയുടെ നിരീക്ഷണം.
Read Also: മുന്നറിയിപ്പ്: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു, കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത
ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി ഏറ്റവും അടുത്ത തീയതി നിശ്ചയിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ ക്രമീകരണം കാരണം ആറ് ബഞ്ച് മാത്രമാണു പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത ടേണ്‍ എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും കോടതി വ്യക്തമാക്കി. ”മിക്കവാറും അടുത്തയാഴ്ച ബഞ്ച് സിറ്റിങ് നടത്തുമെന്നും വിഷയം ആ സമയത്ത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ഒമര്‍ അബ്‌ദുല്ലയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്‌ദുല്ല എംപിയെ തടങ്കലില്‍നിന്ന് കഴിഞ്ഞയാഴ്ച ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു. മൂന്ന് തവണ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയാവുകയും ദേശീയ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫറൂഖ് അബ്‌ദുല്ലയെ 221 ദിവസത്തിനുശേഷമാണ് തടവില്‍നിന്ന് മോചിപ്പിച്ചത്.
Read in English: Inform by next week if you’re releasing Omar Abdullah: SC to Centre, J&K admin