ശനിയാഴ്ച അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് മുതൽ ജോർജിയയിലെ മൽസരത്തെ നിർണായകമായി സ്വാധീനിച്ച സ്റ്റേസി അബ്രാംസ് വരെയുള്ള കറുത്തവംശത്തിലുള്ള​ സ്ത്രീകളുടെ ദിവസം കൂടിയായിരുന്നു നവംബർ ഏഴ്, ശനിയാഴ്ച.

ചരിത്രപരമായി കറുത്തവംശജരുടെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും ഇത് അഭിമാനത്തിന്റെ നിർണായക നിമിഷമാണ്. പ്രശ്നങ്ങളെ നേരിടാനും തടസങ്ങളെ മറികടക്കാനും തലയുയർത്തി നിൽക്കാനും ഈ വനിതകളെ സഹായിച്ചതിൽ ആ​ സ്ഥാപനങ്ങൾക്ക് അഭിമാനിക്കാം.

Read More: ‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല’

അമേരിക്കയുടെ 46-ാമത് വൈസ് പ്രസിഡന്റായ കമല ഹാരിസിനോടും ജോർജിയയുടെ സ്വന്തം സ്റ്റേസി അബ്രാംസിനോടും അറ്റ്ലാന്റ മേയർ കെയ്‌ഷ ലാൻസ് ബോട്ടംസിനോടും സോഷ്യൽ മീഡിയ സ്നേഹം കോരിച്ചൊരിയുകയാണ്.

ഹൊവാർഡ് സർവകലാശാലയിൽ നിന്നാണ് കമല ഹാരിസ് പഠിച്ചിറങ്ങിയത്. സ്റ്റേസി സ്പെൽമാൻ കോളേജിലും കെയ്ഷ ഫാമു(FAMU)വിലേയും ബിരുദധാരികളാണ്.

സിറ്റിംഗ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ കടുത്ത മത്സരത്തിൽ കരിങ്കല്ലു പോലെ ബൈഡന് ഉറച്ച പിന്തുണയുമായി നിന്നത് ഈ മൂന്ന് വനിതകളാണ്.

ഇന്ത്യയിൽ നിന്നും കുടിയേറിയ അമ്മയുടേയും ജമൈക്കക്കാരനായ അച്ഛന്റേയും പാരമ്പര്യമാണ് കമല ഹാരിസിന്.

ജോർജിയയിലെ വോട്ടർ രജിസ്ട്രേഷൻ ശ്രമങ്ങൾക്ക് കൈയടി നേടുകയാണ് സ്റ്റേസി അബ്രാം. 2018 മുതൽ ജോർജിയയിൽ 800,000 പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്തതായി അവരുടെ ടീം അറിയിച്ചു. ജോർജിയയിൽ ബൈഡന്റെ ലീഡ് ഏറിയും കുറഞ്ഞും നിന്നെങ്കിലും ഒടുവിൽ വിജയം ഉറപ്പിച്ചതിന് പിന്നിലും സ്റ്റേസിയുടെ മാജിക്കായിരുന്നു. ആ കഠിന ശ്രമങ്ങൾക്ക് ജോർജിയയിലുടനീളമുള്ള സെലിബ്രിറ്റികളും ആക്ടിവിസ്റ്റുകളും വോട്ടർമാരും സ്റ്റേസിയെ അഭിനന്ദിക്കുകയാണ്.

എന്നാൽ ഈ അഭിനന്ദനങ്ങളോടുള്ള മറുപടി സൌമ്യായ പുഞ്ചിരിയിൽ ഒതുക്കുകയാണ് ഈ ഉരുക്കു വനിത. എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു എന്നുമാത്രമായിരുന്നു സ്റ്റേസിയുടെ പ്രതികരണം.

പ്രസിഡന്റ് മൽസരത്തിലുടനീളം, മേയർ കെയ്ഷ ബോട്ടംസ് ബൈഡന് പിന്നിൽ ഉറച്ച് നിൽക്കുകയും അറ്റ്ലാന്റയിൽ പിന്തുണ നേടാൻ സഹായിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സാധ്യത പട്ടികയിലും കെയ്ഷയുടെ പേരുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook