സിംഗപ്പൂർ: കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുകയും യൂറോപ്പിൽ കൂടുതലായും വ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് മാരകമല്ലെന്ന് വിദഗ്ധാഅഭിപ്രായം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

സിംഗപ്പൂരിലും ഡി 614 ജി ജനിതക വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്ന് സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സീനിയർ കൺസൾട്ടന്റും യുഎസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഇൻഫെക്റ്റിയസ് ഡിസീസസിന്റെ പ്രസിഡന്റുമായ പോൾ തമ്പ്യ പറഞ്ഞു.

എന്നാൽ നഗര-സംസ്ഥാന ആരോഗ്യ മന്ത്രാലയം ഈ വാർത്തയോട് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

യൂറോപ്പിലെ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം മാരകമല്ലെന്നും കുറഞ്ഞ മരണനിരക്കാണെന്നു തെളിവുകളുണ്ടെന്നും പോൾ തമ്പ്യ പറഞ്ഞു. വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: മലേഷ്യയില്‍ പുതിയ ഇനം കൊറോണവൈറസിനെ കണ്ടെത്തി; സാംക്രമികശേഷി 10 മടങ്ങ് കൂടുതല്‍

സാംക്രമികശേഷി കൂടുതലാണെങ്കിലും മരണനിരക്ക് സാധ്യത കുറവുള്ള വൈറസ് ആയതുകൊണ്ട് അപകടം കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

നിലവില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണവൈറസിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍ സാംക്രമികശേഷിയുള്ള രൂപാന്തരം സംഭവിച്ച ഇനത്തെ മലേഷ്യയില്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസം വാർത്തകളുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് തിരിച്ചെത്തിയ ഹോട്ടല്‍ ഉടമയില്‍നിന്നു രോഗവ്യാപനം ആരംഭിച്ച ക്ലസ്റ്ററിലാണ് കൂടുതല്‍ അപകടകാരിയായ കൊറോണ വൈറസിനെ കണ്ടെത്തിയത്.

ലോകത്തിലെ മറ്റു ചിലയിടങ്ങളിലും ഈ ഇനത്തെ നേരത്തെ കണ്ടെത്തിയിരുന്നു. ഡി614ജി എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് മലേഷ്യയിലെ ഈ ക്ലസ്റ്ററിലെ 45 രോഗികളില്‍ മൂന്ന് പേരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്.

14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് ഹോട്ടലുടമയെ സര്‍ക്കാര്‍ അഞ്ച് മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. കൂടാതെ പിഴയും ഉണ്ട്. ഫിലിപ്പൈന്‍സില്‍നിന്നു മടങ്ങിയെത്തുന്നവര്‍ ഉള്‍പ്പെടുന്ന മറ്റൊരു ക്ലസ്റ്ററിലും രൂപാന്തരം പ്രാപിച്ച ഈയിനത്തെ കണ്ടെത്തിയിട്ടുണ്ട്.

യൂറോപ്പിലും യുഎസിലും കൂടുതല്‍ ഈയിനത്തിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമായതായി തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook