ബീജിംഗ്: വീട്ടിനകത്തെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിപ്പോയ പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലെ സ്യോയാന്‍ നഗരത്തിലാണ് സംഭവം. ചെറിയ നീന്തല്‍കുളത്തില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയാണ് ഊതിവീര്‍പ്പിച്ച സേഫ്റ്റി റിംഗ്സില്‍ കാല്‍ കുടുങ്ങി തല കീഴേക്കായി മുങ്ങിപ്പോയത്.

ഒരു വയസോളം മാത്രം പ്രായമുളള കുട്ടി 70 സെക്കന്റോളം വെള്ളത്തില്‍ ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ സ്വിമ്മിംഗ് പൂളിന് പിറകിലായി കുട്ടിയുടെ മാതാപിതാക്കള്‍ ഇരിക്കുന്നതും കാണാം. എന്നാല്‍ ഒരു മിനുട്ട് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഇവര്‍ കുട്ടി അപകടത്തിലാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ഇവര്‍ ഓടിവന്ന് കുട്ടിയെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തു.

അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഇപ്പോള്‍ സാധാരണഗതിയിലായെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മാതാപിതാക്കളെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇവരുടെ ശ്രദ്ധയില്ലായ്മ കാരണമാണ് കുട്ടിക്ക് അപകടം സംഭവിച്ചതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ