ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റാവു തുലാ റാം ആശുപത്രിയില്‍ നവജാത ശിശു ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവെന്ന് ആരോപണം. ആശുപത്രിക്കെതിരെ ബന്ധുക്കളാണ് രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 70ലധികം കുട്ടികള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണിത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജനിച്ച കുഞ്ഞിന്, ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നതിനെ തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചുവെങ്കിലും ആവശ്യമായ ഓക്‌സിജന്‍ ആശുപത്രിയില്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പിതാവ് ബ്രിജേഷ് കുമാര്‍ ആരോപിച്ചു. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ന്മേല്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നുവെന്നും, കുഞ്ഞിന്റെ മരണകാരണം ഓക്‌സിജന്റെ അഭാവം അല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് ശ്വാസതടസമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും രക്ഷിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചുവെന്നും ഇവര്‍ വ്യക്തമാക്കി.