ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോതി ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്തു. ഇന്ദു മൽഹോത്രക്കൊപ്പം സുപ്രീം കേടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ന്യായാധിപരിൽ അമർഷം പുകയുന്നതിനിടെയാണ് സത്യപ്രതിജ്ഞ നടന്നത്. രാവിലെ 10.30 ന് ഒന്നാം നമ്പർ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു.
സുപ്രീം കോടതിയിലെ സീനിയര്‍ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതാ അഭിഭാഷകയായ ഇന്ദു സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഒ.പി.മല്‍ഹോത്രയുടെ മകളാണ്. 2007 ലായിരുന്നു ഇന്ദുവിന് സീനിയര്‍ പദവി ലഭിച്ചത്. ഇന്ദുവിന് മുന്‍പ് ലീലാ സേത്തിനാണ് സീനിയര്‍ പദവി ലഭിച്ചത്. ഇവര്‍ പിന്നീട് ജഡ്ജിയായി നിയമിതയായി.
സുപ്രീം കോടതിയിലെ 24 ജഡ്ജിമാരില്‍ നിലവില്‍ ഒരു വനിത മാത്രമാണ് ഉള്ളത്. ജസ്റ്റിസ് ആര്‍.ഭാനുമതിയാണ് അത്. സുപ്രീം കോടതി ജഡ്ജിയായ ആറാമത്തെ വനിതയായിരുന്നു ഭാനുമതി. ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി ആയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ പി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട കൊളീജിയമാണ് നിമയനങ്ങള്‍ ശുപാര്‍ശ ചെയ്തത്.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കം ജസ്റ്റിസ് കെ.എം.ജോസഫ് റദ്ദാക്കിയിരുന്നു. ഇതാണ് കെ.എം.ജോസഫിനെ തഴഞ്ഞതിലെ കാരണമെന്നാണ് വിലയിരുത്തല്‍. കെ.എം.ജോസഫിനെ ആന്ധ്രപ്രദേശ്, തെലുങ്കാന ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ നേരത്തേ ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതും തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷവും കെ.എം. ജോസഫിനെ ഒഴിവാക്കിയ കൊളീജിയം നടപടിയെ ജസ്റ്റിസ് ചെലമേശ്വര്‍ ചോദ്യം ചെയ്തിരുന്നു.
നേരത്തെ ജഡ്ജിമാരുടെ നിയമനം വൈകുന്നത് സംബന്ധിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചിരുന്നു. പുതിയ ജഡ്ജിയുടെ നിയമനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജസ്റ്റിസ് ദീപക് മിശ്രയോട് ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും മദന്‍ ലോകൂറും ആവശ്യപ്പെട്ടിരുന്നു.