മുംബൈ: കൊലക്കേസ് പ്രതി മഞ്ജുളയുടെ മരണത്തെ തുടർന്ന് ബൈക്കുള വനിത ജയിലിലുണ്ടായ കലാപത്തിൽ മുഴുവൻ തടവുകാർക്കുമെതിരെ കലാപ കേസ്. ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയെയാണ് പൊലീസ് മുഖ്യപ്രതിയാക്കിയത്.

ഓരോ പേർക്കുമെതിരായ കുറ്റം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലലും തടവിലുള്ള 291 പ്രതികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതക കേസ് പ്രതിയായിരുന്ന മഞ്ജുള ഷെട്ടിയുടെ മരണത്തെ തുടർന്ന് ശനിയാഴ്ചയാണ് ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

പത്രത്തിൽ മഞ്ജുളയുടെ മരണ വാർത്ത വായിച്ച ഇന്ദ്രാണി മുഖർജിയാണ് സഹതടവുകാരോട് ഇതേപ്പറ്റി പറഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. മറ്റ് രണ്ട് പേരുടെ കൂടി സഹായത്തോടെ ഇന്ദ്രാണി ജയിലിനുള്ളിൽ കലാപത്തിന് ആഹ്വാനം ചെയ്തു.

മുതിർന്ന ഉദ്യോഗസ്ഥൻ ചർച്ചയ്ക്ക് എത്തണമെന്നും ജയിലിലെ പരിതാപകരമായ സാഹചര്യം അറിയിക്കാൻ മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തണമെന്നുമാണ് ജയിലിനുള്ളിൽ തടവുകാർ ആവശ്യപ്പെട്ടത്.

എന്നാൽ മഞ്ജുള ഷെട്ടി വധക്കേസിൽ ജയിൽ അധികൃതർക്കെതിരെ കേസ് അട്ടിമറിക്കുന്നതിനാണ് ഇന്ദ്രാണി മുഖർജിക്കെതിരെ കേസ് നൽകിയിരിക്കുന്നതെന്നാണ് ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. സഹതടവുകാരിയുടെ മരണത്തെ തുടർന്ന് തടവിലുണ്ടായിരുന്നവർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടെന്നും ഇതേ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നുമാണ് അഡ്വ. ഗുഞ്ജൻ മംഗല പറഞ്ഞു.

അക്രമകാരികളായ സഹതടവുകാരെ ശാന്തരാക്കാൻ ഇന്ദ്രാണി മുഖർജിക്കും മറ്റ് രണ്ട് പേർക്കും ജയിലധികൃതർ മൈക്രോഫോൺ നൽകിയിരുന്നു. എന്നാൽ ആരും ഇത് സ്വീകരിച്ചില്ല. ജയിലിന്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് കയറിയ നിരവധി തടവുകാർ ഇവിടെ വച്ച് വസ്ത്രങ്ങളും പേപ്പറുകളും അഗ്നിക്കിരയാക്കി.

ഭക്ഷണത്തിനൊപ്പം മുട്ട ലഭിക്കാതിരുന്നതിനെ തുടർന്ന് രണ്ട് തടവുകാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മഞ്ജുള ഷെട്ടിയെ ജയിൽ അധികൃതർ പിടിച്ചുവയ്ക്കാൻ കാരണമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവരുടെ ശരീരത്തിൽ പലയിടത്തായി ചതവുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ